Followers

Thursday, July 9, 2009

ഒരു പഴയ കുറിപ്പ്....

....തണുത്ത വായു ശ്വസിക്കുവാന്‍ കൊതിച്ചാണ് കാരാ ഗൃഹം പോലെയുള്ള കുടുസ്സു മുറിയില്‍ നിന്നും പുറത്തേക്കു തല നീട്ടിയത്.മനം പിരട്ടുന്ന നാറ്റം നിറഞ്ഞു നില്‍ക്കുന്ന ആ ഇട നാഴിയില്‍ കൂടിയാണല്ലോ എന്നും കടന്നു വരുന്നത് ....എന്നിട്ടും ശുദ്ധ വായു കിട്ടുമെന്ന മോഹം മൂലം ...
അതു മോഹം മാത്രമാണെന്നറിഞ്ഞിട്ടും , ജന വാതിലുകള്‍ അങ്ങോട്ട്‌ തന്നെ തുറന്നിടുന്നു...!
തെരുവിന്‍റെ ആര്‍പ്പുകളില്‍ നിന്നും എന്‍റെതായ കാഴ്ച്ചകള്‍ക്കായി കണ്ണുകള്‍ തുറന്നു വയ്ക്കാറുണ്ട്.
കൂട്ടം തെറ്റി നില്‍ക്കുന്ന വേശ്യകളും പാന്‍ വില്‍പനക്കാരും നിറഞ്ഞ വെടിപ്പില്ലാത്ത ഈ തെരുവില്‍
ഞാന്‍ എങ്ങനെ ജീവിക്കുന്നുവെന്ന് ഒരിക്കല്‍ ഗള്‍ഫില്‍ നിന്നും വന്ന ഒരു സുഹൃത്ത്‌ അത്ഭുതം കൂറിയത് മറന്നിട്ടില്ല. പച്ചയായ ജീവിതത്തിന്‍റെ മണം ... ഒതുക്കി വച്ചിട്ടും ഉയര്‍ന്നു വരുന്ന കാമത്തിന്‍റെ സര്‍പ്പ സംഗീതം .....എല്ലാം ഇവിടെ നിന്നാല്‍ എനിക്ക് കാണാം...
ജീവിതം കാഴ്ച്ചകളില്‍ തൂങ്ങിയാടി നശിപ്പിക്കാനോ എന്ന് സംശയിക്കരുത്‌...
ഇവിടുത്തെ നിറം പുരട്ടാത്ത കാഴ്ചകള്‍ ജീവിതത്തെ പച്ചയായും,ആടയാഭരണങ്ങള്‍ ഇല്ലാതെയും , അഭ്ര പാളികളില്‍ നിന്നും എനിക്കൊരിക്കലും കാണാനാവാത്തത്‌ കാട്ടിത്തരുന്നുണ്ട്...അങ്ങനെയാണ് ജീവിതം എന്താണെന്ന് ഞാന്‍ തൊട്ടറിഞ്ഞത് ....എന്‍റെ മറുപടി , ഭ്രാന്തന്‍ ചിന്തകളുടെ കുപ്പയിലേക്ക് കൂട്ടുകാരന്‍ അവജ്ഞയോടെ ചിരിച്ചു തള്ളി...ഈ തെരുവാണ് എനിക്ക് ജീവിതം എന്താണെന്ന് പഠിപ്പിച്ചു തന്നത്...സ്ത്രീക്ക് സ്നേഹിക്കാം എങ്കിലും അവള്‍ക്ക് ഒരിക്കലും വിശ്വാസം സ്വപ്നത്തില്‍ കൂടി കടന്നു വരരുത് എന്ന് കാമുകനാല്‍ വില്‍ക്കപെട്ട, തമിഴ് നാട്ടുകാരിയായ എള്ളിന്‍റെ നിറമുള്ള മെലിഞ്ഞ പെണ്‍കുട്ടി എന്നോട് പറയാറുണ്ട്.ജീവിതം എന്താണെന്ന് അറിഞ്ഞു വരുമ്പോഴാണ് മരണം നീരാളിക്കൈകളാല്‍ ആലിംഗനം ചെയ്യാന്‍ വരുന്നത് എന്നെന്നോട് പറഞ്ഞത് കഞ്ചാവിന്റെ പുകയടങ്ങിയ നേരത്ത് മലയാളിയായ വൃദ്ധനാണ് .അയാളുടെ നീലിച്ച പുക ശ്വസിച്ച് എനിക്ക് തല കറക്കം ഉണ്ടാകാറുണ്ട്...എല്ലിച്ച ശരീരം എങ്ങനെ ഒരു വായ് പുകയ്ക്കായ് ഇത്രയും അദ്ധ്വാനിക്കുന്നു എന്ന് അത്ഭുതപ്പെട്ട എന്നോടയാള്‍ പറഞ്ഞത് അയാളുടെ ഭൂത കാലം മുഴുവനുമാണ്...

നിറമുള്ള കാഴ്ച്ചകളില്‍ മാത്രം ജീവിച്ചിരുന്ന അയാള്‍ യൌവ്വനത്തിന്‍റെ ചോരത്തിളപ്പില്‍
മഹാ നഗരത്തില്‍ നിറഞ്ഞാടിയിരുന്നു എന്ന് കേട്ടപ്പോള്‍ എനിക്കെന്താണ് അയാളെക്കുറിച്ച് തോന്നിയത്...?!
അയാളോട് ഉണ്ടായിരുന്ന അനുകമ്പയുടെ അവസാന കണികയും വറ്റിപ്പോയി എന്നത് സത്യം മാത്രമാണ് .
അഭിസാരികമാരുടെ നൃത്തത്തിന് മുമ്പില്‍ അരിയില്ലാത്ത രാവുകളില്‍ കഞ്ഞി വെള്ളം കുടിച്ച്‌ വിശപ്പടക്കി, വറ്റുകള്‍ കോരിയെടുത്ത് കൊടുത്തിരുന്ന അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയാള്‍ കടലില്‍ കഴുകക്കളഞ്ഞു.
മംഗല്യ സൂത്രതാല്‍ ബന്ധിക്കപ്പെട്ട , കരയാന്‍ മാത്രമറിയുന്ന പാവം പിടിച്ച ഒരു സ്ത്രീ ജന്‍മത്തെയും അയാള്‍ മറന്നിരുന്നു.ഓര്‍മകളില്‍ അനേകം വര്‍ണ്ണങ്ങളുള്ള കൊട്ടാരങ്ങള്‍ മാത്രം കടന്നു വന്നു.
മദോന്‍മത്തനായ അയാള്‍, നോട്ടുകള്‍ കൊണ്ട് നഗ്നതയെ മൂടിക്കൊടുത്തു.അവസാനം നോട്ടുകള്‍ തീര്‍ത്ത ലോകം കൈവിട്ടു പറന്നപ്പോള്‍ അയാള്‍ തിരിച്ചു വരാന്‍ കൊതിച്ചു . വൈകിയുദിച്ച ബോധം അയാളെ അഗാധമായ ഗര്‍ത്തലേക്കാണ് തള്ളിയിട്ടത്‌. ഒരിക്കലും കയറാനാവാത്ത ചതുപ്പില്‍ സ്വയം ആണ്ടു പോകുമ്പോഴും എന്‍റെ കൈകളില്‍ മെല്ലിച്ച കരം ചേര്‍ത്ത് അയാള്‍ ഭാര്യയെക്കുറിച്ച് പറയാറുണ്ട് .
അയാള്‍ക്ക്‌ അവര്‍ മാപ്പു കൊടുക്കില്ലേ എന്ന് ചോദിക്കാറുണ്ട്..ഞാന്‍ എന്താണ് അയാളോട് പറയുക...?എനിക്കറിയില്ല....ഒന്നും ...

16 comments:

ഹന്‍ല്ലലത്ത് Hanllalath said...

...കുറച്ച് പഴയ ഒരു കുറിപ്പാണിത്..
മുംബൈയില്‍ വന്ന ആദ്യ നാളുകളില്‍ ഒന്നില്‍ എഴുതിയത്...

അരുണ്‍ കരിമുട്ടം said...

നന്നായിരിക്കുന്നു
:)

ramanika said...

ithilude pala jeevithangalum kandu

post nannayi!

ഫസല്‍ ബിനാലി.. said...

mumbaiyile oru divasathe jeevitham oruvarsham oarthirikkuvaanulla vaka tharunnathaan...
avideyulla jeevitham haranam cheythu kittunnathaanu nammudeyokke naattu jeevitham
nannaayirkunnu, aashamsakal..

അനില്‍@ബ്ലോഗ് // anil said...

നന്നായിട്ടുണ്ട്, ഹന്‍ല്ലല്ലത്ത്.
ആ തെരുവും നീലപ്പുക ഊതിവിടുന്ന വൃദ്ധനും മനസ്സില്‍ തെളിയുന്നു.

Anil cheleri kumaran said...

ഓരൊരോ അനുഭവങ്ങൾ.

vahab said...

വര്‍ണ്ണന മനോഹരമായി...... നന്ദി..!! മനുഷ്യജീവിതത്തിന്റെ ഓരോ ഭാവങ്ങള്‍...!!!

ചാണക്യന്‍ said...

നന്നായി....ആശംസകള്‍..എഴുത്ത് തുടരുക......

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു

ശ്രീ said...

നന്നായിട്ടുണ്ട്.

പ്രയാണ്‍ said...

ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണ്....നമ്മളതു പ്ഠിച്ചുവരുമ്പോഴെക്ക് പക്ഷെ സമയം വൈകും.....നന്നായിട്ടുണ്ട്.

- സാഗര്‍ : Sagar - said...

തകര്‍ത്തു.

Sukanya said...

നഗരത്തിന്റെ സ്വഭാവം ഈ അനുഭവകുറിപ്പിലുണ്ട്.

Typist | എഴുത്തുകാരി said...

നഗരത്തിലെ ജീവിതത്തിന്റെ തനിപകര്‍പ്പു്.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട്, ഹന്‍ല്ലലത്.

the man to walk with said...

nannayi kurippu