Followers

Friday, November 4, 2011

ഉന്മാദ വരികള്‍

എനിക്ക് ദാഹിക്കുന്നത് ജീവനിലാണെന്ന് പറഞ്ഞപ്പോള്‍ എന്താണ് വാക്കുകള്‍ വറ്റിയത്.ആത്മാവിന്റെ ദാഹം ശമിപ്പിക്കാന്‍ നിന്റെ അധരങ്ങള്‍ അശക്തമാണെന്ന്  തിരിച്ചറിഞ്ഞുവല്ലേ.?
നശ്വരമായ ജീവിതത്തിന്റെ നിസ്സാരത..ചുവന്ന ചുണ്ടുകള്‍ക്ക് മേലെ ആവരണമായി തന്ന തൊലിയൊന്നിളകിയാല്‍ ...ആലോചിച്ചിട്ടുണ്ടോ.?
അനന്തതയുടെ വിഹായസ്സില്‍ ചിറകുകളില്ലാതെ പറക്കാന്‍ ഇപ്പോഴും മോഹിക്കാറുണ്ടോ നീ..
എന്ത് കൊണ്ടാണ് നീയും ഞാനും രണ്ടായി തന്നെ ഇരിക്കുന്നത് ?
തെരുവിലെ ഭ്രാന്തിയില്‍ ഞാനെന്താണ് എന്റെ അമ്മയെ കാണുന്നത്..നീ കാണാത്തത്.
നമ്മുടെ കാഴ്ചകളിലെ നിറവ്യത്യാസങ്ങള്‍ ആരാണ് അളന്നെടുക്കുന്നത്‌...?
കറുപ്പും വെളുപ്പും ചേര്‍ന്ന ചിത്രങ്ങളാല്‍ എന്റെ രാത്രികളെ  എന്താണ് വിഭ്രമാത്മകമാക്കുന്നത്
ആത്മാക്കളുടെ അരൂപമായ സഞ്ചാരങ്ങള്‍ ...അടക്കം പറച്ചിലുകള്‍...പ്രണയത്തിന്റെ കളിയോടങ്ങളില്‍ തുഴഞ്ഞെത്തുന്ന ഖൈസുമാര്‍...ഞാനെവിടെയാണ്..?!!!
ഉദാത്തമായ ചിന്തകളുടെ സ്വര്‍ഗ്ഗീയാരാമത്തില്‍ നിന്നും പറിച്ചെറിയപ്പെട്ട മാലാഖയാണ് ഞാന്‍ ..
ഇരുള്‍ത്തിരകള്‍ വന്നു പതിക്കുന്ന ചിന്തകളെ ഒളിച്ചു വെച്ച് ഇനിയും എത്ര നാള്‍...?
നിസ്സഹായതയുടെ കണ്ണുനീരില്‍ കുതിര്‍ന്ന തലയണയുണ്ട്.ഒരിക്കല്‍ നിന്നെ മാത്രമോര്‍ത്ത് രാവിന്റെ രണ്ടാം യാമത്തില്‍ ഞെട്ടിയെഴുന്നേറ്റ് കരഞ്ഞു തളര്‍ന്നിരുന്നത്..നരകവും സ്വര്‍ഗ്ഗവും നിദ്രയ്ക്കു പകരം കൂട്ടായി വന്നെന്നെ പുണര്‍ന്നത്...പ്രണയവും ഭ്രാന്തും കാമവും ഭക്തിയും ചേര്‍ന്നുരുക്കിക്കളഞ്ഞ എന്നെ തേടിയത് എവിടെയായിരുന്നു..?
എന്റെ കണ്ണുകള്‍ക്ക്‌ മൂര്‍ച്ചയുണ്ടെന്നു  എന്നെ തെറ്റിദ്ധരിപ്പിച്ചത് എന്തിനായിരുന്നു..?!നിന്റെ വിശുദ്ധമായ വിരലുകളില്‍ ഒന്ന് സ്പര്‍ശിക്കാന്‍ പോലും ഞാനശക്തനായിരുന്നു.മറ്റുള്ളവര്‍ക്കജ്ഞാതമായ ഭ്രാന്തിന്റെ ഭാഷ നിനക്കെങ്ങനെയാണ് പ്രാപ്യമായത്‌..?!ദുരൂഹമായ ഭീതിയോടെ കണ്ടിരുന്നവര്‍ക്കിടയില്‍ നിന്നും എന്തിനാണിറങ്ങി വന്നെന്റെ കൈ പിടിച്ചത് എന്തിനാണ്  എന്നെ പ്രണയിച്ചത്...?
ഉന്മാദത്തിന്റെ തീച്ചൂട് തട്ടി കണ്ണുകള്‍ കലങ്ങിച്ചുവന്ന ഉച്ചകളില്‍ നീ വിതുമ്പാന്‍ മറന്നത് എന്നെ ഭയന്നായിരുന്നോ..ശരിക്കും എന്നെ പ്രണയിക്കുകയായിരുന്നോ അതോ അജ്ഞാതമായ ഒന്നിനെ അടുത്തറിയുക മാത്രമായിരുന്നോ

ദൈവമേ.....നീയെവിടെയാണ്.. ?
നിന്റെ അദൃശ്യമായ കരങ്ങളില്‍ നിന്നും ഞാനെന്താണ് കാംക്ഷിക്കുന്നതെന്ന് അറിയുന്നവനാണല്ലോ
സ്വപ്നങ്ങളുടെ ചതുപ്പ് നിലങ്ങളില്‍ ഒന്ന് നിലവിളിക്കാന്‍ പോലുമാകാതെ  അകപ്പെട്ടു പോകുമ്പോള്‍ അവള്‍  ചോദിക്കുന്നു എന്നെ നീ പ്രണയിക്കുമോ...ഞാനെന്താണ് അവളോട്‌ മറുപടി പറയേണ്ടത്.
മജ്ജയില്‍ അള്ളിപ്പിടിച്ച ഭ്രാന്തിന്റെ അര്‍ബുദ കോശങ്ങളാല്‍ പുളയുകയാണ് ഞാനെന്നോ..?
പ്രണയവും  ജീവന്‍ തന്നെയും എനിക്കവകാശപ്പെടാനാവാത്ത വിധം അന്യവത്കരിക്കപ്പെട്ടുവെന്നൊ..?
അനു പറഞ്ഞത് പോലെ ഒരുപാട് വ്യക്തിത്വങ്ങളുള്ള ഒരു കപടനാണെന്നൊ..പൊട്ടിത്തെറിച്ച് ലാവയായുരുകുമ്പോഴും പുറമേ മൂടിപ്പുതച്ചുറങ്ങുന്ന ഒരഗ്നി പര്‍വ്വതമാണ് ഞാന്‍.ചൂട് തട്ടി അകന്നു പോയവരെക്കാള്‍  ഭയക്കുന്നത് അടുക്കുന്നവരെയാണ്....അഗ്നി കെട്ടു പോയാല്‍ ഞാനില്ല..ഇന്ന് ഞാനുറങ്ങുന്നതും ഉണരുന്നതും യാന്ത്രികമായാണ്.തികച്ചും ചാവി കൊടുക്കപ്പെട്ട ഒരു പാവ മാത്രമാണ് ഞാന്‍...അപകര്‍ഷതയുടെ, ഭീരുത്വത്തിന്‍റെ കരിമ്പടങ്ങളാല്‍ മൂടിപ്പുതച്ച് ഞാനിവിടെ ഇരിക്കാം....

Monday, February 28, 2011

ഗിരീഷ്‌ പുത്തഞ്ചേരി...

എന്റെ സ്വപ്നങ്ങളിലടക്കം കൈപിടിച്ച് നടക്കുന്ന അവളുടെ ചെവിയില്‍ ഞാന്‍ എന്നും മൂളിയിരുന്നത്
"...നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളെ ..." എന്ന് തുടങ്ങുന്ന ഗാനമായിരുന്നു.
ചെവി ചേര്‍ത്ത് വെച്ച് കേള്‍ക്കാന്‍ കൊതിച്ചതും, ഇപ്പോഴും കൊതിക്കുന്നതും ആ ഗാനമാണ്.
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്നുവെന്ന് പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കുന്ന ,കാര്‍മുകില്‍ വര്‍ണ്ണനോടുള്ള പ്രണയത്തിന്റെ തീവ്രത വരികളില്‍ ലയിപ്പിച്ച
എന്റെ പ്രിയപ്പെട്ട കവേ....ഗാനങ്ങളിലൂടെ എന്റെ ആത്മാവിലേക്ക് കടന്നു വന്നത് തീപിടിച്ച അക്ഷരങ്ങളാണ്....എന്റെ ചിന്തയില്‍ മഴ നൂലുകളൂര്‍ന്നിറങ്ങിയ രാവുകളില്‍
നിന്റെ അക്ഷരങ്ങള്‍ തപ്ത നിശ്വാസമായി എന്റെ കവിളില്‍ പതിച്ചിരുന്നു.

മരണങ്ങളുടെ അനിവാര്യത തീര്‍ച്ചയുള്ളതിനാലാകാം നേരിട്ടറിയാത്ത ഒരു മരണവും എന്നില്‍ ഞെട്ടലുളവാക്കാറില്ല.എന്നിട്ടും എന്തിനാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ നോക്കി
കണ്ണു നിറച്ചിരുന്നത്..? അകത്തെവിടെയോ ഒരു കുറുകല്‍ അനുഭവപ്പെട്ടത്
എന്തിന്റെതായിരുന്നു ?
പ്രിയപ്പെട്ട എഴുത്തുകാരാ...
താങ്കളെ ഞാന്‍ സ്നേഹിച്ചിരുന്നു.. എന്റെ മനസ്സിനോട് ചേര്‍ത്ത് വെച്ചിരുന്നു .
 എനിക്ക് നഷ്ടപ്പെട്ടത് എന്റെ ആത്മാവിന്റെ സ്വരാക്ഷരങ്ങളെയാണ്.

ഓരോ മരണവും ഓരോ ആഘോഷങ്ങളാക്കുന്ന വാര്‍ത്താ യുഗത്തില്‍ , എന്റെ വിങ്ങലൊന്നു തീര്‍ക്കാനായി കേള്‍ക്കാന്‍ കൊതിക്കുന്ന ഓരോ ഗാനവും ഇനിയെന്നെ കൂടുതല്‍ അസ്വസ്ഥനാക്കുമോ..?

ഭരത പിഷാരടിയെന്ന കഥാ പാത്രത്തെ ഉള്ളിന്റെ ഉള്ളില്‍ നോവ്‌ പുരട്ടി ഞാനിന്നും ഒളിച്ചു വെക്കുന്നു.
ഉള്ളു നിറയെ പ്രണയത്തിന്റെ അഗ്നിയുമായി നടക്കുന്ന ആ കഥാപാത്രത്തെ എന്തിനിത്ര കൂടുതല്‍ ഇഷ്ടപ്പെടുന്നുവെന്നു എനിക്കറിയില്ല.ഒരു പക്ഷെ, എന്റെ വ്യക്തിത്വവുമായുള്ള ചില സാമ്യതകളാകാം കാരണം .
ഒരു കുറിപ്പെങ്കിലുമെഴുതി കടമ തീര്‍ക്കുകയല്ല. ഞാനനുഭവിക്കുന്ന ശൂന്യത ഒരു നിമിഷമൊന്നു മാറ്റി നിറുത്താനായി മാത്രം ....

Tuesday, January 11, 2011

സ്മരണ.....

മുള്ളൂര്‍ക്കാരന്റെ മെസ്സേജിലാണ് വിവരമറിഞ്ഞത്.
ഓരൊ മരണവും ബാക്കി വെയ്ക്കുന്നത് ശൂന്യത മാത്രമാണ്.....

ചെറായി ബ്ലോഗ് മീറ്റില്‍ വെച്ചാണ് അങ്കിളിനെ ആദ്യവും അവസാനവുമായി കണ്ടത്.
ബൂലോകത്തില്‍ നിന്നും കൊഴിഞ്ഞ് പോയ അദ്ധേഹത്തിന്റെ മരണം ആഘോഷമാക്കാനല്ല..
ഒന്നു സ്മരിക്കാന്‍ ഇവിടെ ഒരു താള്‍ നീക്കി വെക്കുന്നു.

Tuesday, September 29, 2009

ബൂലോകത്തുള്ള നല്ല മനുഷ്യര്‍ക്ക്‌..........

മുഹമ്മദ് നബി ( സ) പെരുന്നാള്‍ നമസ്കാരത്തിന് ശേഷം വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കുട്ടിയെ കാണുന്നു ...
മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് നനഞ്ഞ കണ്ണുകളാല്‍ നോക്കുന്ന ഒരു കുട്ടി...
അവനോടു പ്രവാചകന്‍ ചോദിച്ചു " ..കുഞ്ഞേ നീ എന്താണ് ഇവിടെ....? "
"...ഞാനൊരു അനാഥനാണ് എനിക്കാരും ഇല്ല..."
പെരുന്നാള്‍ ദിവസം ,ലോകം മുഴുവന്‍ മുസ്ലിംകള്‍ സന്തോഷിക്കുന്ന ദിവസം ആ കുരുന്നു കരയുന്നത് കണ്ട് പ്രാവചകന്‍ പറഞ്ഞു
"നീ എന്‍റെ കൂടെ വരിക...ഇനി മുതല്‍ ഞാനാണ് നിന്‍റെ പിതാവ് ...
എന്‍റെ ഭാര്യയാണ് നിന്‍റെ മാതാവ്...."

പ്രവാചക വചനം ഒന്നു കൂടി ചേര്‍ത്ത് വായിക്കുക
" ഭൂമിയിലുളളതിനോട് കരുണ കാണിക്കാത്തവന് ആകാശത്തുള്ളവന്‍ കരുണ കാണിക്കില്ല..."

ഒരു മനുഷ്യന്‍റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നതിനു പ്രതിഫലം നല്‍കപ്പെടുമെന്നും അതൊരു പുണ്യ പ്രവൃത്തിയാണെന്നും പഠിപ്പിച്ചു പ്രാവാചകന്‍...
വഴിയില്‍ കിടക്കുന്ന ഒരു മുള്ളിനെ മാറ്റുന്നത്‌ വിശ്വാസത്തിന്‍റെ അടിസ്ഥാന യോഗ്യതയാണെന്ന് മുഹമ്മദ് നബി ( സ ) പറഞ്ഞു തന്നു.

വര്‍ഗ്ഗീയതയുടെ വിഷ ബീജങ്ങള്‍ നാടെങ്ങും ജനനം കാത്തു കിടക്കുന്നു...
പൊട്ടി മുളയ്ക്കുന്ന പകയുടെ തീവ്രത നമ്മുടെ നാട്ടിലും ആകാശം കറുപ്പിച്ചു തുടങ്ങുന്നു
ഈ അവസ്ഥയില്‍ പെരുന്നാള്‍ മുസ്ലിംകളുടെ മാത്രമാവാതിരിക്കട്ടെ....
നമ്മുടെ എല്ലാവരുടെയും മത ജാതി ചിന്തകള്‍ മാറാന്‍ ആഘോഷ വേളകള്‍ കാരണമാകട്ടെ...
നമ്മുക്ക് നല്ല നാളെയ്ക്കായി പ്രാര്‍ഥിക്കാം......പ്രവര്‍ത്തിക്കാം.........
ഭീകരവാദത്തിന്‍റെ നിഴലിനപ്പുറത്തു മാറ്റി നിറുത്തപ്പെടുന്ന സമൂഹം തിരിച്ചറിയുക....
സമുദായ - സാമൂഹ്യ ദ്രോഹികളായ വര്‍ഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്തുവാനും
ഇതര മതസ്ഥരെ സഹിഷ്ണുതയോടെ കാണാനും എല്ലാ മതക്കാര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ഈ പെരുന്നാള്‍ സമാധാനത്തിന്റെതാകട്ടെ...

ബൂലോകത്തുള്ള എല്ലാ നല്ല മനുഷ്യര്‍ക്കും പെരുന്നാള്‍ ആശംസകള്‍....

Saturday, September 12, 2009

ഒരു നോമ്പ് കാഴ്ച

മനസ്സാകെ മൂടിക്കെട്ടിയിരുന്നു ഇന്നലെ മുഴുവന്‍...
ഞായറാഴ്ച നോമ്പ് തുറക്കാന്‍ സാധനങ്ങള്‍ വാങ്ങാനായി മാര്‍ക്കെറ്റില്‍ പോയിരുന്നു.നോമ്പെന്നത് ശെരിക്കും എല്ലാ തരത്തിലും സംസ്കരണമാണെങ്കിലും ഇന്നത്‌ ആഘോഷമായി മാറിയിരിക്കുന്നു.വിഭവങ്ങളുടെ ആഘോഷം...പണക്കാരന്‍റെ അടുക്കളയില്‍ നിന്നുയരുന്ന കൊതിപ്പിക്കുന്ന ഗന്ധങ്ങള്‍ പാവപ്പെട്ടവന്‍റെ നോമ്പിനെ വേദനയാക്കി മാറ്റുന്നു.....പറഞ്ഞു വന്നത് ......ഞങ്ങള്‍ മാര്‍ക്കെറ്റില്‍ പോയപ്പോള്‍ ഒരു കുഞ്ഞു പെണ്‍കുട്ടി...മുഷിഞ്ഞ വസ്ത്രങ്ങളാണ് അവളുടേത്‌ .അവള്‍ ഓരോ കടയിലും ...(കട അല്ല....നിരത്ത് വക്കിലാണ് പഴങ്ങളൊക്കെ കിട്ടുന്നത്...)ചെന്ന് നിന്ന് കൈ നീട്ടുന്നു ....അവള്‍ക്കാവശ്യം വില്‍പ്പനയ്ക്ക് വച്ചതില്‍ നിന്നൊരു നുള്ളാണ്..ഒരു ആപ്പിള്‍ ഒരു പപ്പായക്കഷണം .....അതൊക്കെ മതി ആ കുഞ്ഞിന് ..എല്ലാവരും അവളെ ആട്ടിയോടിക്കുന്നു...അവര്‍ക്കും ന്യായങ്ങളുണ്ടാകാം....വില്‍പ്പനയ്ക്ക് വച്ചത് സേവനമായല്ലല്ലോ ...അത് മാത്രമല്ല പിന്നെയും പിന്നെയും ഇത്തരം ആളുകള്‍ വരുമെന്നും അവര്‍ പറയും....എനിക്കത് കണ്ടിട്ട്....എന്താണെന്നറിയില്ല...എനിക്കനിയത്തി ഇല്ല...ആ കുഞ്ഞു പെണ്‍കുട്ടി ......ആട്ടിപ്പായിക്കുന്നത് കണ്ടിട്ട്...സഹിച്ചില്ല...റോഡില്‍ നിന്ന് ഞാന്‍ പൊട്ടിപ്പോകുമോ എന്ന് ഭയന്ന് പോയി..അതുണ്ടായില്ല...കണ്ണുനീര്‍ നിറഞ്ഞു കിടന്നത് ഭാഗ്യത്തിന് ഉറ്റിയില്ല ...
എന്തായാലും ഇന്നലെ പകുതിയും...മിനിഞ്ഞാന്ന് മുഴുവനുമായും ആ സങ്കടം മനസ്സില്‍ നിറഞ്ഞു നിന്നു....
പിന്നെയും നമ്മള്‍നമ്മിലേക്ക്‌...അത് മറന്ന്......

എന്നാണ് എല്ലാരും സന്തോഷിക്കുന്ന ദിനം വരുന്നത്...?!
എല്ലാ കുഞ്ഞുങ്ങളും പട്ടിണിയില്ലാതെ ചിരിക്കുന്ന...ദിനം......?!!!!

Wednesday, August 5, 2009

സ്പന്ദനം ....നിര്‍ധന രോഗികള്‍ക്ക് ഒരു സഹായ കേന്ദ്രം.

താരതമ്യേന സാമ്പത്തിക ഭദ്രത കുറഞ്ഞ വയനാട്ടിലെ പാവപ്പെട്ട രോഗികളുടെ അത്താണിയായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന ചില രോഗികള്‍ പലപ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജീവിതം വഴി മുട്ടി നില്‍ക്കുന്ന അവസ്ഥ അഭിമുഖീകരിക്കാറുണ്ട്.
പുറമേ നിന്ന് വാങ്ങേണ്ടുന്ന മരുന്നുകള്‍, ലബോറട്ടറി പരിശോധനകള്‍, രക്തം, ചികിത്സയില്‍ കഴിയുമ്പോഴുള്ള ഭക്ഷണം, തിരിച്ചു വീട്ടില്‍ പോകാനുള്ള യാത്രാ ചെലവുകള്‍.... ഇതിനൊന്നും മാര്‍ഗ്ഗമില്ലാതെ പകച്ചു നില്‍ക്കുന്നവരുടെ ദൈന്യത ആരുടേയും കരളലിയിക്കും.
നിത്യ ജീവിതത്തിനു തന്നെ വകയില്ലാത്തവര്‍ മാരകമായ രോഗങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ ചികിത്സാ ചെലവുകള്‍ കൂടി താങ്ങാനാവാതെ കണ്ണു നീരൊഴുക്കുന്നത് ഇവിടെ പുതുമയുള്ള കാഴ്ചയല്ല.
കൈനീട്ടി യാചിക്കാന്‍ അഭിമാനം അനുവദിക്കാത്തവരുടെ മനക്ലേശം അവരുടെ നിറഞ്ഞ കണ്ണുകളില്‍ കാണാം.
നാളെ നമുക്കും ഈ അവസ്ഥ വരില്ലെന്ന് ആര് കണ്ടു..?
ഉള്ളവനും ഇല്ലാത്തവനും എപ്പോള്‍ വേണമെങ്കിലും പരസ്പരം സ്ഥാനങ്ങള്‍ വെച്ച് മാറാം..
നശ്വരമായ നമ്മുടെ ജീവിതത്തില്‍ ഒരു സഹജീവിയുടെയെങ്കിലും കണ്ണുനീരൊപ്പാന് ‍കഴിയുമെങ്കില്‍ അതായിരിക്കും നമ്മുക്കേറ്റവും സംതൃപ്തി നല്‍കുന്നത്...

മാനന്തവാടിയില്‍ 2005 ജൂലായ്‌ മുതല്‍ സ്പന്ദനം എന്ന പേരില്‍ ഒരു കൂട്ടായ്മ പാവപ്പെട്ട രോഗികള്‍ക്ക്‌ എളിയ തോതില്‍ സഹായങ്ങള്‍ ചെയ്തു വരികയാണ്.
എത്ര ചെറിയ തുകയായിരുന്നാലും രോഗികള്‍ക്ക്‌ അതിലൂടെ വലിയ ആശ്വാസമാണ് ലഭിക്കുന്നത്‌.
അനുദിനം രോഗികളുടെ എണ്ണം പെരുകുകയും ചികിത്സാ ചെലവുകള്‍ വര്‍ദ്ധിക്കുകയും സാമ്പത്തിക നില മോശമാവുകയും ചെയ്യുമ്പോള്‍ സ്പന്ദനത്തിന്റെ സാമ്പത്തിക ബാധ്യത അധികരിച്ച് വരികയാണ്.
ഉദാരമതികളുടെ മനസ്സറിഞ്ഞ സഹകരണമാണ് സ്പന്ദനം നില നിറുത്തുന്നത്.
മാനുഷികമായ ഈ പുണ്യ കാര്യത്തില്‍ പങ്കാളികളാകുവാന്‍ മനുഷ്യത്വമുള്ളവരെല്ലാം തന്നെ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു...

ചെറായി ബ്ലോഗ് മീറ്റിലൂടെ.ഏഴായിരം രൂപയോളം സ്പന്ദനത്തിന് വേണ്ടി ശേഖരിക്കാന്‍ കഴിഞ്ഞു എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്

പ്രസിഡന്റ് :മംഗലശ്ശേരി നാരായണന്‍
ജനറല്‍ സെക്രട്ടറി
:ഇബ്രാഹിം കൈപ്പാണി

ബാങ്ക് അക്കൌണ്‍ട്
ഫാര്‍മേഴ്സ് സര്‍വീസ്‌ കോ -ഓപെറെറ്റീവ് ബാങ്ക് മാനന്തവാടി .

A/C NO . 3169

സ്പന്ദനം
പി ബി. നമ്പര്‍ 15,

മാനന്തവാടി, വയനാട്,
കേരള
670645

ഫോണ്‍ :, 04935 244855, 04935-244601 , 9947666956,

Thursday, July 9, 2009

ഒരു പഴയ കുറിപ്പ്....

....തണുത്ത വായു ശ്വസിക്കുവാന്‍ കൊതിച്ചാണ് കാരാ ഗൃഹം പോലെയുള്ള കുടുസ്സു മുറിയില്‍ നിന്നും പുറത്തേക്കു തല നീട്ടിയത്.മനം പിരട്ടുന്ന നാറ്റം നിറഞ്ഞു നില്‍ക്കുന്ന ആ ഇട നാഴിയില്‍ കൂടിയാണല്ലോ എന്നും കടന്നു വരുന്നത് ....എന്നിട്ടും ശുദ്ധ വായു കിട്ടുമെന്ന മോഹം മൂലം ...
അതു മോഹം മാത്രമാണെന്നറിഞ്ഞിട്ടും , ജന വാതിലുകള്‍ അങ്ങോട്ട്‌ തന്നെ തുറന്നിടുന്നു...!
തെരുവിന്‍റെ ആര്‍പ്പുകളില്‍ നിന്നും എന്‍റെതായ കാഴ്ച്ചകള്‍ക്കായി കണ്ണുകള്‍ തുറന്നു വയ്ക്കാറുണ്ട്.
കൂട്ടം തെറ്റി നില്‍ക്കുന്ന വേശ്യകളും പാന്‍ വില്‍പനക്കാരും നിറഞ്ഞ വെടിപ്പില്ലാത്ത ഈ തെരുവില്‍
ഞാന്‍ എങ്ങനെ ജീവിക്കുന്നുവെന്ന് ഒരിക്കല്‍ ഗള്‍ഫില്‍ നിന്നും വന്ന ഒരു സുഹൃത്ത്‌ അത്ഭുതം കൂറിയത് മറന്നിട്ടില്ല. പച്ചയായ ജീവിതത്തിന്‍റെ മണം ... ഒതുക്കി വച്ചിട്ടും ഉയര്‍ന്നു വരുന്ന കാമത്തിന്‍റെ സര്‍പ്പ സംഗീതം .....എല്ലാം ഇവിടെ നിന്നാല്‍ എനിക്ക് കാണാം...
ജീവിതം കാഴ്ച്ചകളില്‍ തൂങ്ങിയാടി നശിപ്പിക്കാനോ എന്ന് സംശയിക്കരുത്‌...
ഇവിടുത്തെ നിറം പുരട്ടാത്ത കാഴ്ചകള്‍ ജീവിതത്തെ പച്ചയായും,ആടയാഭരണങ്ങള്‍ ഇല്ലാതെയും , അഭ്ര പാളികളില്‍ നിന്നും എനിക്കൊരിക്കലും കാണാനാവാത്തത്‌ കാട്ടിത്തരുന്നുണ്ട്...അങ്ങനെയാണ് ജീവിതം എന്താണെന്ന് ഞാന്‍ തൊട്ടറിഞ്ഞത് ....എന്‍റെ മറുപടി , ഭ്രാന്തന്‍ ചിന്തകളുടെ കുപ്പയിലേക്ക് കൂട്ടുകാരന്‍ അവജ്ഞയോടെ ചിരിച്ചു തള്ളി...ഈ തെരുവാണ് എനിക്ക് ജീവിതം എന്താണെന്ന് പഠിപ്പിച്ചു തന്നത്...സ്ത്രീക്ക് സ്നേഹിക്കാം എങ്കിലും അവള്‍ക്ക് ഒരിക്കലും വിശ്വാസം സ്വപ്നത്തില്‍ കൂടി കടന്നു വരരുത് എന്ന് കാമുകനാല്‍ വില്‍ക്കപെട്ട, തമിഴ് നാട്ടുകാരിയായ എള്ളിന്‍റെ നിറമുള്ള മെലിഞ്ഞ പെണ്‍കുട്ടി എന്നോട് പറയാറുണ്ട്.ജീവിതം എന്താണെന്ന് അറിഞ്ഞു വരുമ്പോഴാണ് മരണം നീരാളിക്കൈകളാല്‍ ആലിംഗനം ചെയ്യാന്‍ വരുന്നത് എന്നെന്നോട് പറഞ്ഞത് കഞ്ചാവിന്റെ പുകയടങ്ങിയ നേരത്ത് മലയാളിയായ വൃദ്ധനാണ് .അയാളുടെ നീലിച്ച പുക ശ്വസിച്ച് എനിക്ക് തല കറക്കം ഉണ്ടാകാറുണ്ട്...എല്ലിച്ച ശരീരം എങ്ങനെ ഒരു വായ് പുകയ്ക്കായ് ഇത്രയും അദ്ധ്വാനിക്കുന്നു എന്ന് അത്ഭുതപ്പെട്ട എന്നോടയാള്‍ പറഞ്ഞത് അയാളുടെ ഭൂത കാലം മുഴുവനുമാണ്...

നിറമുള്ള കാഴ്ച്ചകളില്‍ മാത്രം ജീവിച്ചിരുന്ന അയാള്‍ യൌവ്വനത്തിന്‍റെ ചോരത്തിളപ്പില്‍
മഹാ നഗരത്തില്‍ നിറഞ്ഞാടിയിരുന്നു എന്ന് കേട്ടപ്പോള്‍ എനിക്കെന്താണ് അയാളെക്കുറിച്ച് തോന്നിയത്...?!
അയാളോട് ഉണ്ടായിരുന്ന അനുകമ്പയുടെ അവസാന കണികയും വറ്റിപ്പോയി എന്നത് സത്യം മാത്രമാണ് .
അഭിസാരികമാരുടെ നൃത്തത്തിന് മുമ്പില്‍ അരിയില്ലാത്ത രാവുകളില്‍ കഞ്ഞി വെള്ളം കുടിച്ച്‌ വിശപ്പടക്കി, വറ്റുകള്‍ കോരിയെടുത്ത് കൊടുത്തിരുന്ന അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയാള്‍ കടലില്‍ കഴുകക്കളഞ്ഞു.
മംഗല്യ സൂത്രതാല്‍ ബന്ധിക്കപ്പെട്ട , കരയാന്‍ മാത്രമറിയുന്ന പാവം പിടിച്ച ഒരു സ്ത്രീ ജന്‍മത്തെയും അയാള്‍ മറന്നിരുന്നു.ഓര്‍മകളില്‍ അനേകം വര്‍ണ്ണങ്ങളുള്ള കൊട്ടാരങ്ങള്‍ മാത്രം കടന്നു വന്നു.
മദോന്‍മത്തനായ അയാള്‍, നോട്ടുകള്‍ കൊണ്ട് നഗ്നതയെ മൂടിക്കൊടുത്തു.അവസാനം നോട്ടുകള്‍ തീര്‍ത്ത ലോകം കൈവിട്ടു പറന്നപ്പോള്‍ അയാള്‍ തിരിച്ചു വരാന്‍ കൊതിച്ചു . വൈകിയുദിച്ച ബോധം അയാളെ അഗാധമായ ഗര്‍ത്തലേക്കാണ് തള്ളിയിട്ടത്‌. ഒരിക്കലും കയറാനാവാത്ത ചതുപ്പില്‍ സ്വയം ആണ്ടു പോകുമ്പോഴും എന്‍റെ കൈകളില്‍ മെല്ലിച്ച കരം ചേര്‍ത്ത് അയാള്‍ ഭാര്യയെക്കുറിച്ച് പറയാറുണ്ട് .
അയാള്‍ക്ക്‌ അവര്‍ മാപ്പു കൊടുക്കില്ലേ എന്ന് ചോദിക്കാറുണ്ട്..ഞാന്‍ എന്താണ് അയാളോട് പറയുക...?എനിക്കറിയില്ല....ഒന്നും ...

Monday, June 1, 2009

മുറിവുകളുടെ ഒരു വര്‍ഷം...

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിനായിരുന്നു എന്‍റെ ബ്ലോഗിലെ ആദ്യ പോസ്റ്റ്‌...
ഇട വിട്ടു കടന്നു വരുന്ന മടുപ്പിന്റെ കരങ്ങളില്‍ അമരുന്നതിനാല്‍
പലപ്പോഴും ബ്ലോഗിംഗ് തുടര്‍ച്ചയായി നടത്തുവാന്‍ കഴിഞ്ഞിട്ടില്ല...
ഇപ്പോഴും സിരകളില്‍ തേരട്ട പോലെ അരിച്ചു കയറുന്നു മടുപ്പ്...!
എത്ര നാള്‍ ഈ ബൂ ലോകത്ത് എന്നറിയില്ല...

മുറിവുകളുടെ വസന്തം വിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്..
മുറിവുകളില്‍ കൂടെ നിന്നവര്‍ക്കെല്ലാം നന്ദി..
ഇനിയും കൂടെ നടക്കുമെന്ന വിശ്വാസത്തോടെ...

മുറിവുകളിലേക്കു പോകാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

Thursday, April 30, 2009

അനുരാഗത്തില്‍ അലിയുക

പ്രിയപ്പെട്ട കൂട്ടുകാരീ..
എന്തിനാണ് അകലത്തിരുന്ന് നീ എന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നത്..?
എന്റെ ഹൃദയം നൂറു കഷണങ്ങളായി ചിതറിപ്പോയതാണ്.
അതിന്റെ ഓരോ തരിയിലും പറ്റിപ്പിടിച്ച അവളുടെ മുഖം ഞാന്‍ നിനക്ക് കാട്ടിത്തന്നതുമാണ്..എന്നിട്ടും..?!
നീയെന്നിലേക്ക് കടന്നു വരുമ്പോള്‍ എനിക്കെന്താണ് സംഭവിക്കുന്നത്‌..?
പ്രണയിക്കുക എന്നത് അവിശുദ്ധമായ ഒന്നാണോ..?
പിന്നെ എന്തിനാണ് ഞാന്‍ തുറന്നു പറച്ചിലില്‍ നഷ്ടപ്പെടുമെന്ന് ഭയക്കുന്നത്..?
നഷ്ടപ്പെടലുകളും ലാഭങ്ങളുമില്ലാത്ത ഒന്നാണല്ലോ പ്രണയം...
അവളെ കാണാന്‍ പോയത് പറഞ്ഞത് ഓര്‍ക്കുന്നോ നീ..??!

ഇടറുന്ന വാക്കുകളോടെ വിറയ്ക്കുന്ന വിരലുകളില്‍ നിന്നും ഗ്ലാസ് താഴെ വീഴുമെന്നു ഭയന്ന്....
തൊണ്ടയിലൂടെ അരിച്ചിറങ്ങുന്ന ചായ അമ്ലം പോലെ എന്നെ പൊള്ളിച്ചിരുന്നു.
ഒരു മാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ എനിക്ക് എടുത്തു തന്നപ്പോള്‍ കൈനീട്ടുക കൂടി ചെയ്യാതെ ഞാനെന്താണ് മരവിച്ചു പോയത്..?
അവളുടെ നല്ലവനായ ഭര്‍ത്താവിനു മുമ്പില്‍ വാക്കുകള്‍ വറ്റിയവനായി സോഫയില്‍ തളര്‍ന്നിരുന്നതെന്താണ്..?
അവസാനം യാത്ര പറച്ചിലില്ലാതെ ഇറങ്ങി വരുമ്പോള്‍ ഫോണ്‍ നമ്പര്‍ ചോദിച്ചിരുന്നു അവള്‍......
വിശുദ്ധമായിരുന്ന ഞങ്ങളുടെ ബന്ധത്തില്‍ ബാഹ്യ ബന്ധത്തിന്റെ അറ്റു പോയ അവസാന കണ്ണിയും കൂട്ടി ചേര്‍ക്കാന്‍ മുതിര്‍ന്നില്ല.
പ്രണയമെന്നാല്‍ നേടലുകളും നഷ്ടപ്പെടലുകളും അല്ലല്ലോ...!
പ്രണയമെന്നാല്‍ പ്രണയിക്കല്‍ മാത്രമാണ് ..
പ്രണയിച്ചു പ്രണയിച്ച്‌ അതില്‍ അലിയുക...
ലൈലയെ പ്രണയിച്ച്‌ അവളുടെ കുഴിമാടത്തിലെ മണ്ണിനെ ചുംബിച്ച് നടന്ന ....
പ്രണയത്താല്‍ ഭ്രാന്തനായിപ്പോയ ഖൈസിനെപ്പോലെ... പ്രണയിക്കുക...
ഉടലുകളെയല്ലാതെ ആത്മാവിനെ പ്രണയിക്കുക...
അവസാന നിശ്വാസവും അടങ്ങും വരെ.....
മറ്റൊരു വികാരത്തിന്റെ നേര്‍ത്ത സ്പര്‍ശം പോലും
കടന്നു വരാതെ ...വിശുദ്ധമായി അനുരാഗത്തില്‍ അലിയുക...

Tuesday, April 28, 2009

ഞാന്‍ തുറന്നു പറയില്ല

നീ പോകുമ്പൊള്‍ എന്നെ പൊതിയുന്ന ഏകാന്തതയുടെ
ചെകിളകള്‍അസ്വസ്ഥനാക്കുമ്പോള്‍ ഞാന്‍ കൊതിക്കാറുണ്ട്....ഭ്രാന്തായിരുന്നുവെങ്കിലെന്ന് ..!
പാതി മുറിഞ്ഞ വാക്കുകള്‍ ബാക്കി വെച്ചാണല്ലോ നീ എന്നും മടങ്ങുന്നത്..
ഒരു പക്ഷേ..യാത്ര പറച്ചിലിന്റെ വേദനകള്‍ പിന്നെയും പിന്നെയും ആവര്‍ത്തിക്കണ്ടല്ലോ
എന്ന് കരുതിയാകാം...അബോധമായിട്ടാണെങ്കിലും നാമിരുവരും അതൊഴിവാക്കുന്നത്.
ഷൈന സക്കീറിനെക്കുറിച്ച് മാതൃഭൂമിയില്‍ വായിച്ചപ്പോള്‍ എന്നെ ഓര്‍മ്മ വന്നത് എന്തിനാണ് നിനക്ക്..??
എന്തിനാണ് നീയോടി വന്നെന്നെ വിളിച്ചത്..?!
എന്തിനാണ് നീയെന്നോട്‌ പിന്നെയും പിന്നെയും വാക്കുകളുടെ ചതുരംഗത്തില്‍ പങ്കാളിയാകാന്‍ വരുന്നത്..?
നീ എന്നെ പ്രണയിക്കുന്നുണ്ടോ..?
എനിക്കറിയാത്തത് പോലെ നിനക്കുമറിയില്ലായിരിക്കാം...
എങ്കിലും നീ തന്നു പോകുന്ന വാക്കുകളുടെ വെള്ളിവെളിച്ചതിലാണ് ഞാനിന്ന്...
യാഥാര്‍ഥ്യത്തിന്റെ കറുപ്പ് ഒരിക്കല്‍ പടരുമെന്നെനിക്കറിയാം...
അതുകൊണ്ട് ....അതുകൊണ്ട് മാത്രം ഞാന്‍ തുറന്നു പറയില്ല...ഒരിക്കലും...
നീയോ..?!

ഇന്നലെ കൂട്ടുകാരന്‍ ചോദിച്ചു നിനക്ക് എന്നോട് പ്രണയമാണോ എന്ന്...
നീ എന്നും ചോദിക്കാറുള്ള വിപ്ലവ സുഹൃത്ത്‌ തന്നെ....
മരുഭൂമിയിലെ ഒറ്റപ്പെടലില്‍ നിന്നും ഇടയ്ക്കിടെ എന്നെ വിളിക്കാറുണ്ട് അവന്‍...
പറയാതെയുള്ളതിനാണല്ലോ കൂടുതല്‍ മധുരം..
ഞാന്‍ പറഞ്ഞു എനിക്കറിയില്ല...എന്ന്...അല്ലാതെ എന്ത് പറയാന്‍...?!
ഞാനത് ആത്മാവില്‍ സൂക്ഷിക്കാം..
വാക്കുകളുടെ സങ്കല്പ സൌധങ്ങളില്‍ നാമിരുവര്‍ ജീവിച്ചു തീര്‍ത്തിരിക്കാം
ഒരുപാട് ജന്മങ്ങള്‍...
പഴയായ ജീവിതം...അത് അങ്ങനെ അല്ലല്ലോ...
കൂട്ടുകാരികള്‍ക്കിടയില്‍ വിചിത്രമായ പേരുള്ള കവിയെന്നു പരിചയപ്പെടുത്തിയ
നിന്നോട് ആദ്യമെനിക്ക് എന്താണ് തോന്നിയത്..?
കൊച്ചു കുട്ടികളോട് തോന്നുന്ന...സ്നേഹം...
ഇന്നോ..?ഇന്നും അത് മാത്രമാണോ..?
ആണെന്ന് പറയാനാണ് എനിക്ക് ആഗ്രഹം...

Tuesday, April 21, 2009

തീ തിന്ന ഓര്‍മ്മകള്‍ ...

സാനിയ ...അവളെ ഞാനോര്‍ക്കുന്നു.
കാമ്പസിന്റെ
നിറക്കൂട്ടില്‍ ഏറ്റവും അകര്‍ഷകമായ ഒന്നായിരുന്നു അവളുടെ ചിരി..
നുണക്കുഴികളുണ്ടായിരുന്നു
അവള്‍ക്ക്..
കൊമേര്‍സായിരുന്നു അവളുടെ പാഠ്യ വിഷയം.
ഞാന്‍
കമ്പ്യൂട്ടര്‍ സയന്‍സും.
കൂടുതല്‍ അടുപ്പമൊന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.
എന്‍ എസ് എസിന്റെ സേവനങ്ങളുടെ ഭാഗമായി ഒരിക്കല്‍ കുതിരവട്ടത്ത് സന്ദര്‍ശനംനടത്തുകയുണ്ടായി.
കൂട്ടത്തില്‍ സുന്ദരിയായ അവളെ ചൂണ്ടി "...മണവാട്ടീ വാ.." എന്നാര്‍ത്തു വിളിച്ചിരുന്ന ഒരുപാടാളുകളെഞാനോര്‍ക്കുന്നു...
പുഞ്ചിരിയോടെ
അവരോട് തിരിച്ചും തമാശ പറയുകയല്ലാതെ മനോനില തെറ്റിയഅവര്‍ക്ക് നേരെ അവള്‍ കെറുവിച്ച് ഒരു വാക്കും പറഞ്ഞില്ല ....
അവളെക്കുറിച്ച് പിന്നീട് ഞാന്‍ കേള്‍ക്കുന്നത് ജീവിതം പഠിച്ചു തുടങ്ങുന്ന സമയത്താണ് ...
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു പോയതിന്റെ പേരില്‍ സ്വയം വേവിച്ച് കളഞ്ഞ അവള്‍ മൂന്നു ദിവസം
പാതി വെന്ത നിലയില്‍ ആശുപത്രിക്കിടക്കയില്‍ കിടന്നിരുന്നുവേത്രേ...
കേട്ടിട്ടും വിശ്വസിക്കാതിരിക്കാന്‍ ശ്രമിച്ചു...
പിന്നെ ഉറക്കം വറ്റിയ ഒന്ന് രണ്ട്‌ രാത്രികള്‍ക്ക് ശേഷം..ഓര്‍മ്മയിലെ തീപ്പാട് മാത്രമായി അവള്‍...
ഭ്രാന്തന്മാരെ കാണുമ്പോഴും മറ്റും അവള്‍
മനസ്സിലേക്ക്
കടന്നു വരും ...
തീ തിന്ന വിരലുകളുയര്‍ത്തി അവ്യക്തമായി അവള്‍ അവസാനം പറഞ്ഞവാക്കുകളും...
"...അറിയാതെ...അറിയാതെ പറ്റിയതാ....ഓര്‍മയില്ലാതെ ചെയ്തതാ..."


എന്റെ ഓര്‍മ്മകളുടെ കറുത്ത കലവറകളില്‍ ഇപ്പോഴും വെന്ത ഇറച്ചിയുടെ മണമടിക്കുന്ന ഒന്നാണ്
അവളുടെ ഓര്‍മ്മകള്‍...
സമ്പത്തിന്റെ
നടുവില്‍ ജീവിച്ചിരുന്ന അവള്‍ എന്തിനായിരുന്നു
കേവലം ഒരു പരീക്ഷാ മാര്‍ക്കിന്റെ പേരില്‍..?!
എനിക്കറിയില്ല...എങ്കിലും ഒന്നറിയാം...
എന്നെ പോലെ ഒരുപാടാളുകള്‍ ഇന്നും അവളെ ഓര്‍ക്കുന്നുണ്ടാകും...
വേദനിക്കുകയും ചെയ്യുന്നുണ്ടാകാം... .


( ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശ്യമില്ലാത്തതിനാല്‍ അവളുടെ യഥാര്‍ഥ പേര് ഇവിടെപറയുന്നില്ല...സാനിയ എന്ന പേര് സാങ്കല്പികം മാത്രം )

Saturday, April 11, 2009

പ്രണയക്കുറിപ്പ്.

........ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാ‍ലും
നിന്റെ ഓരോ നിശ്വാസങ്ങളും എനിക്ക് തൊട്ടറിയാം...
നിന്റെ ഓരോ ഇമയനക്കവും എനിക്കു കാണാം...
നിന്നെ അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ നിന്നെക്കാള്‍ ഞാനറിയും
കാരണം നീ എന്നാല്‍ എനിക്കു മറ്റൊരാളല്ല...ഞാന്‍ തന്നെയാണ്
എന്റെ ഓരോ അണുവിലും തുടിക്കുന്നത് നിന്നോടുള്ള പ്രണയമാണ്...
ഒരക്ഷരവും നിന്നെയൊര്‍ക്കാതെ ഞാന്‍ കുറിച്ചിട്ടില്ല..
ഒരു ദിവസവും നിന്നെക്കുറിച്ച് ഞാന്‍ ആലോചിക്കാതിരുന്നിട്ടില്ല
ഒരു പ്രാര്‍ഥനയിലും നീ ഇല്ലാതിരുന്നിട്ടില്ല..
ഒരാളെയും നിന്നെക്കാള്‍ എനിക്കിനി സ്നേഹിക്കാനാവില്ല
എന്റെ കബറിടത്തിലേക്ക് അവസാനത്തെ അതിഥി നീയായിരിക്കണമേയെന്ന് പ്രാര്‍ഥിച്ചിരുന്നു ഞാന്‍...
ജീവിതത്തിലെ നേടലുകളുടെ നിരര്‍ഥകത എന്നെ ബോധ്യപ്പെടുത്തിയ
നീ തന്നെയായിരുന്നല്ലൊ മറ്റുള്ളവര്‍ക്കായി ജീവിക്കാന്‍ പഠിപ്പിച്ചതും...!
മരണം ജിവിതത്തിന്റെ അര്‍ഥമില്ലായ്മയെ തുറന്നു കാട്ടില്ലെന്നറിയുന്നതിനാല്‍
അതു ഞാന്‍ സ്വയംവരിക്കില്ല...

നിന്റെ കുഞ്ഞ് സുഖമായിരിക്കുന്നൊ..?
എല്ലാം നീ ഓര്‍ക്കുന്നുണ്ടാകുമോ എന്നെനിക്കറിയില്ല...
എന്റെ മുഖം വാടിയാല്‍ നിന്റെ കണ്ണുകള്‍ നനഞ്ഞിരുന്നത്..
കൂട്ടുകാര്‍ക്കിടയില്‍ നീ എന്നെ സ്വന്തമെന്നു കാണിക്കാന്‍ ഉത്സാഹിച്ചിരുന്നത്..
എന്നെ നിന്റെ കൂട്ടുകാരന്‍ എന്നാണല്ലോ പലരും സംബോധന ചെയ്തിരുന്നതും..!
ഒരിക്കല്‍ ....അലീനയെ നിനക്കോര്‍മ്മയില്ലെ ..?
അവള്‍ ഒരുപാട് കൂട്ടുകാരുടെ മുമ്പില്‍ വെച്ച് നിന്റെ കൂട്ടുകാരന്‍ എന്നു സംബോധന ചെയ്തപ്പോള്‍ അവളുടെ മാത്രമല്ല വേറെയും കൂട്ടുകാരുണ്ടെനിക്കെന്ന് പറഞ്ഞപ്പോള്‍ നിന്റെ മുഖം ചുവന്നതും ചുണ്ടുകള്‍ വിതുമ്പാന്‍ വെമ്പിയതും എന്തിനായിരുന്നു..?
എന്നെ ചൊല്ലി നിനക്കെന്നും കണ്ണുനീര് മാത്രമായിരുന്നല്ലോ..
അന്ന് ടാഗോര്‍ ഹാളിലെ വായനാ ദിനാചരണ പരിപാടിക്കിടയില്‍ നീ കരഞ്ഞത്..
ഓര്‍ക്കുന്നുണ്ടാകുമോ എന്നെനിക്കറിയില്ല...
ഒരിക്കലും ഓര്‍ക്കാതിരിക്കണേ എന്നാണ് എന്റെ പ്രാര്‍ഥന ...
നിന്റെ ജീവിതത്തില്‍ നൊമ്പരങ്ങള്‍ ഉണ്ടായാ‍ലല്ലേ എന്നെ നീ ഓര്‍ക്കൂ...
എന്നെ നീ ഓര്‍ക്കേണ്ടതില്ല..

പ്രിയപ്പെട്ട കൂട്ടുകാരീ..നീ സുഖമായി കഴിഞ്ഞാല്‍ മതി...
എനിക്ക്.......എനിക്ക് നിന്നെ സ്വന്തമാക്കാന്‍ പറ്റിയില്ലല്ലൊ എന്ന ദുഖമില്ല .....
കാരണം നീ സന്തോഷമായി കഴിയുന്നു എന്ന വാര്‍ത്ത തന്നെ എന്റെ മനസ്സു നിറയ്ക്കുന്നതാണ് ...
അന്ന് ഉന്മാദിയെപ്പൊലെ നീയെന്നെ ഭ്രാന്തമായി പ്രണയിച്ചതു കണ്ട് ഞന്‍ ഭയന്നിരുന്നു..
എങ്കിലും അവസാനം വിടപറയാതെ വിട്ടകലുമ്പോള്‍ നീ സുഖമായിരിക്കണം എന്നേ ഞാന്‍ പ്രാര്‍ഥിച്ചിരുന്നുള്ളു...
വിരഹ വേദനയുടെ മുള്ളുകള്‍ എന്റെ ഹൃദയത്തില്‍ വ്രണങ്ങള്‍ സൃഷ്ടിച്ചപ്പോഴും ഞാന്‍ പിടിച്ചു നിന്നത് എനിക്കു നിന്നോടുള്ള പ്രണയം സത്യമായിരുന്നു എന്നതു കൊണ്ട് മാത്രമാണ്...
കാമ്പസിലെ എന്റെ നാട്ടുകാരായ സഹപാഠികളോട് എന്നെക്കുറിച്ച് തിരക്കിയെന്നും
ഒരു വര്‍ഷം എന്നെ കാത്തിരുന്നു എന്നും പറഞ്ഞപ്പോള്‍ ......
എന്റെ നെഞ്ചാണ് പ്രിയപ്പെട്ടവളേ നീ അറിയാതെ കരിഞ്ഞത് ......
അമ്ലസ്പര്‍ശം പോലെ നിന്റെ ഓരൊ വാക്കും എന്നെ പൊള്ളലേല്‍പ്പിച്ചിരുന്നു ....
ഇപ്പൊഴും ചില രാത്രികളില്‍ നിന്റെ മുഖം എന്റെ ഉറക്കത്തെ തടയുമ്പോഴും
ഞാന്‍ പ്രാര്‍ഥിക്കുന്നത് നീ എന്നെ ഓര്‍ക്കാതിരിക്കണേ എന്നു മാത്രമാണ്..

...നീ ദുഖിക്കരുത്......
...നീ നൊമ്പരപ്പെട്ടാല്‍ എന്റെ ഹൃദയമാണ് മുറിപ്പെടുന്നത്. ....

Tuesday, March 3, 2009

നഷ്ടം

കരയരുത്..
കണ്ണുകള്‍ പൊത്തിപ്പിടിക്കുക
കരള്‍ പറിക്കുവാനവള്‍ വരുന്നുണ്ട്
വേദന മറച്ചു പുഞ്ചിരിക്കുക
ഹൃദയം മാന്തിയെടുത്തു അവള്‍ പോവുകയാണ്
കണ്ണുകള്‍ തുടയ്ക്കരുത്
അവളതും ചൂഴ്ന്നെടുക്കും
അവളോന്നിച്ചു മറ്റൊരുത്തന്‍റെ രക്തം കിനിയുന്ന ഹൃദയമുണ്ട്
അതിനു മുന്തിയ പെര്‍ഫ്യുമിന്‍റെ മണം...!!!
അന്ന്
അവള്‍ക്കും അതേ മണമായിരുന്നുവല്ലോ

Thursday, October 23, 2008

കവിത

ഹൃദയത്തിന്‍റെ മുറിവില്‍ നിന്നും വാര്‍ന്നു വീണ
വാക്കുകള്‍ ചേര്‍ത്തു വെച്ച് ഞാനൊരു കവിതയെഴുതി.
പച്ചയിറച്ചിയുടെ മണമടിച്ച് ഓക്കാനം വരുന്നുവെന്ന് പറഞ്ഞ്,
അവളതെടുത്ത്‌ തീ കൊളുത്തി.
തീ സ്പര്‍ശമേറ്റതോടെ, ഉറഞ്ഞു കിടന്ന കവിതയില്‍ നിന്ന് ചൂട് പിടിച്ച ചോര പതഞ്ഞൊഴുകിത്തുടങ്ങി .
തീ കെട്ടു .....തളം കെട്ടിയ ചോരയില്‍ മുങ്ങിത്താണ് അവള്‍ .....!!!!!

Friday, October 3, 2008

തിരുത്ത്‌

നീളത്തിലൊരു വര
മൂര്‍ച്ചയുള്ളൊരു വാക്ക്
തുരുമ്പിക്കാത്തൊരായുധം
ആദ്യം പറയേണ്ടത് മറന്നു
എണ്ണ മയമില്ലാത്തൊരു ചൂരല്‍
തുടങ്ങുന്നതിനു മുമ്പെനിക്കായി
ഒരു ശവക്കച്ചയൊരുക്കാം

Thursday, October 2, 2008

റിയാലിറ്റി

പച്ചക്കറി വാങ്ങാന്‍ ചന്തയില്‍ പോയ മകളെ ടിവിയില്‍ കണ്ട് അമ്മ കണ്ണ് മിഴിച്ചു.റിയാലിറ്റിയുടെ എസ്.എം.എസ് പ്രളയത്തില്‍ അയല്‍പക്കത്തെ പയ്യനുമൊത്തു മകള്‍,കോടികള്‍ വിലയുള്ള ഫ്ലാറ്റുകള്‍ മനക്കോട്ടയില്‍ കണ്ടു.ഒടുവിലൊടുവില്‍ പപ്പടം വില്‍ക്കാന്‍ പോകുന്നതു നിറുത്തി അമ്മയും 'റിയാലിറ്റിയുടെ' ലോകം പടി ചവിട്ടിക്കടന്നു.
മൊന്തയില്‍ നിറച്ച വെള്ളവും പപ്പടത്തിന്‍റെ ഉഴുന്നും നോക്കി
കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന അച്ചന്‍ മാത്രം ഒരു റിയാലിറ്റി അല്ലാതായി ....!

Thursday, September 25, 2008

രാജ്യ സ്നേഹി

ഒരു ഭീകര ശബ്ദം ....ആര്‍പ്പു വിളികള്‍ ...

"എന്താണത് "..?
"ഹേയ് ഒന്നുമില്ല.."

"അവരെന്താണ് ചെയ്യുന്നത്..".?
" അവര്‍ പള്ളികള്‍ പൊളിക്കുകയാണ് "

"നിങ്ങള്‍ പട്ടാളക്കാരനല്ലേ തടയൂ..."
" ഷട്ടപ്പ് ... അവര്‍ രാജ്യ സ്നേഹികളാണ് ..."

Sunday, September 21, 2008

എന്‍റെ പ്രണയം

എന്‍റെ പ്രണയം ശരീരം ഇല്ലാതെ നിലനില്‍ക്കുന്നവനോടാണ് ...
എന്‍റെ പ്രണയം ആത്മാവ് ഇല്ലാതെ ജീവിക്കുന്നവനോടാണ്
എന്‍റെ പ്രണയം ഹൃദയം ഇല്ലാതെ ഇച്ഛിക്കുന്നവനോടാണ്
എന്‍റെ പ്രണയം കണ്ണുകള്‍ ഇല്ലാതെ കാണുന്നവനോടാണ്
എന്‍റെ ജീവന്‍ തന്നെ അവന്നു മാത്രമാണ്

എന്നിട്ടും നീ എന്നോട് ഹൃദയം ചോദിക്കുമ്പോള്‍ നീയെത്ര
വിഡ്ഢിയാണ്...!
പ്രപഞ്ചാധിപനായ അവനു പകരമാവാന്‍ നിനക്ക് കഴിയുമോ...?!
സ്വപ്നത്തിലെങ്കിലും...?!!!
പിന്നെ എന്തിനു നീ വെറുതെ ശവം നാറിപ്പൂവുമായി വന്ന് എന്‍റെ പനിനീരിനെ
ഇറുത്തെടുക്കാന്‍ മുതിരുന്നു ....?!!!

Saturday, September 13, 2008

ഓണ സന്ദേശം

ഈ ഓണം നമുക്ക് മാത്രമാവാതിരിക്കട്ടെ
പട്ടിണി കിടക്കുന്നവരെ നാം മറക്കാതിരിക്കുക ....
ആഘോഷം നല്‍കുന്ന മനസ്സുഖം ,
വിശപ്പാറിയ മുഖത്ത് തെളിയുന്ന സംതൃപ്തിയോളം വരില്ല.......
മറക്കാതിരിക്കുക....ലോകം നമ്മള്‍ക്ക് വേണ്ടി മാത്രമല്ലെന്ന് ....

നാം ചെയ്യേണ്ട കാര്യം വരും തലമുറയിലേക്കും
ഉള്ളിലെ ആര്‍ദ്രത കൈ മാറുക എന്നതാണ്.......
സ്വന്തമായ ലോകത്ത് മാത്രം ജീവിക്കുന്ന സമൂഹത്തില്‍
പുതു തലമുറയുടെ ലക്‌ഷ്യം എന്ട്രന്‍സ് പരീക്ഷകള്‍ മാത്രമാകുമ്പോള്‍
മാനുഷികത വറ്റിപ്പോകുക സ്വാഭാവികം.....

നാം സ്വയം മാതൃകകളാവുക

ഹ്രസ്വമായ നമ്മുടെ ജീവിതം പ്രകാശം പകരുന്നതാകട്ടെ ഒരാള്‍ക്കെങ്കിലും.....
കൈ താങ്ങാകട്ടെ ,ഇടറുന്ന ഒരു ചുവടു വയ്പിലെങ്കിലുമൊരാള്‍ക്ക്...
നന്മയുടെ ചെറു ചിരാതിന്‍ വെട്ടവുമായി നമുക്ക് ജീവിതത്തില്‍ ,
മനുഷ്യ പക്ഷത്ത് നിലയുറപ്പിക്കാം...
സ്വന്തമായുണ്ടാക്കിയ തുരുത്തുകള്‍ നമുക്ക് വന്‍കരകളാക്കാം ....
ജാതി മത രാഷ്ട്രീയ ചിന്തകളെക്കാള്‍ മനുഷ്യത്വം ഭരിക്കട്ടെ നമ്മളെ....
അതാവട്ടെ ഈ ഓണത്തിന് നമ്മുടെ പ്രതിജ്ഞ .......
അതിനാവട്ടെ നമ്മുടെ മനസ്സിന്‍റെ ഒരുക്കം........


ഒരു പുതു പുലരി , അത് വിപ്ലവത്തിലൂടെ ആയാലും
ഞാനത് സ്വപ്നം കാണുകയാണ്.....
അതൊരിക്കല്‍ പുലരുമെന്ന് എനിക്കു തീര്‍ച്ചയുണ്ട്
എല്ലാ കുഞ്ഞുങ്ങളും ചിരിക്കുന്ന ദിവസം....
അത് , ആ സ്വപ്നം ....വെറും സ്വപ്നമാവാതിരിക്കട്ടെ ...

ഓണാശംസകള്‍ നേരുന്നു ....

കനിവ്

അറവു മാടുകളിലൊന്നു ഗര്‍ഭിണിയാണെന്നറിഞ്ഞ്
അയാള്‍ പറഞ്ഞു "വേണ്ട... ഇപ്പോള്‍ അറുക്കരുത് ..."
ആളൊഴിഞ നേരം പ്രസവത്തളര്‍ച്ചയില്‍
ഉണര്‍ന്നെണീക്കാനാഞ്ഞ പശു,
അറവു കത്തിയുടെ മൂര്‍ച്ചയറിഞ്ഞു .
തള്ളയില്ലാത്ത കുഞ്ഞിനു ദയാ വധം വിധിച്ച്
അയാള്‍ ആര്‍ദ്രനായി.

അമ്മിഞ്ഞ

വരണ്ട പാല്‍ക്കുപ്പിയുടെ നിപ്പിളില്‍
അമ്മിഞ്ഞയ്ക്ക് വേണ്ടി പരതിയ കുഞ്ഞിനു മുമ്പില്‍
ടെലിവിഷന്‍ സ്ക്രീനില്‍ ആര്‍ത്തു ചിരിക്കുന്ന പൂതന
ബഹു വര്‍ണ പാല്‍ ചുരത്തി.
പൂതനയുടെ ആകാര ഭംഗിയില്‍ മുഴുകിയ അമ്മ,
കറന്റ് പോയപ്പോള്‍ കുഞ്ഞിനെ തിരക്കി.
അപ്പോഴേക്കും കുഞ്ഞ് പൂതനയ്ക്കൊപ്പം പോയിരുന്നു..

Monday, July 21, 2008

മനസ്സ്

മനസ്സേ നീ എന്താണ് ഇങ്ങനെ ..?
ഞാന്‍ എന്‍റെ ചിന്തകള്‍ക്ക് കടിഞ്ഞാണിടുമ്പോള്‍
നീ കാട്ടു കുതിരയെപ്പോലെ കുതിച്ചു പായാന്‍ പറയുന്നു
എന്‍റെ ചിന്തകളോട്...!!!
അവയുടെ കുളമ്പടിയേറ്റ് തകര്‍ന്നു പോകുന്നത് ഞാന്‍
മെനഞ്ഞെടുക്കുന്ന കൊച്ചു മണ്‍കുടങ്ങളാന് ...
എത്ര നീ അവ തകര്‍ത്താലും ഇനിയൊരിക്കലും അവയില്‍
കാളകൂടം നുരയില്ല......!!!
എന്‍റെ അവസാന ശ്വാസവും നീ ഊറ്റി ഊറ്റി കുടിക്കാന്‍ നേര്‍ന്നുവെങ്കില്‍
നിനക്ക് തെറ്റി...
ഞാന്‍ എന്‍റെ രക്ഷിതാവിനെ കണ്ടെത്തിക്കഴിഞ്ഞു
അരണ്ട വെളിച്ചത്തില്‍... ഏകാന്തതയില്‍...
അവന്‍റെ സാമീപ്യം എന്‍റെ സിരകളില്‍ പ്രതീക്ഷയുടെയും ഭയത്തിന്‍റെയും
ചിറകുകള്‍ കുടയുന്നത് ഞാന്‍ അറിയുന്നുണ്ട്...
ഇനി നിനക്ക് വിട....
നിന്‍റെ കരുത്തുറ്റ കരങ്ങളില്‍ ഇനി ഞാന്‍ ഞെരിഞ്ഞമരില്ല ...
നിനക്ക് ഒരു പക്ഷെ ,എന്‍റെ ജീവന്‍ കിട്ടിയേക്കാം
പക്ഷെ എന്‍റെ ആത്മാവ്....
അതു നിനക്കെന്നും അപ്രാപ്യമായിരിക്കും...തീര്‍ച്ച ...!!! ഞാന്‍ എന്‍റെ ചിന്തകള്‍ക്ക് കടിഞ്ഞാണിടുമ്പോള്‍
നീ കാട്ടു കുതിരയെപ്പോലെ കുതിച്ചു പായാന്‍ പറയുന്നു
എന്‍റെ ചിന്തകളോട്...!!!
അവയുടെ കുളമ്പടിയേറ്റ് തകര്‍ന്നു പോകുന്നത് ഞാന്‍
മെനഞ്ഞെടുക്കുന്ന കൊച്ചു മണ്‍കുടങ്ങളാന് ...
എത്ര നീ അവ തകര്‍ത്താലും ഇനിയൊരിക്കലും അവയില്‍
കാളകൂടം നുരയില്ല......!!!
എന്‍റെ അവസാന ശ്വാസവും നീ ഊറ്റി ഊറ്റി കുടിക്കാന്‍ നേര്‍ന്നുവെങ്കില്‍
നിനക്ക് തെറ്റി...
ഞാന്‍ എന്‍റെ രക്ഷിതാവിനെ കണ്ടെത്തിക്കഴിഞ്ഞു
അരണ്ട വെളിച്ചത്തില്‍... ഏകാന്തതയില്‍...
അവന്‍റെ സാമീപ്യം എന്‍റെ സിരകളില്‍ പ്രതീക്ഷയുടെയും ഭയത്തിന്‍റെയും
ചിറകുകള്‍ കുടയുന്നത് ഞാന്‍ അറിയുന്നുണ്ട്...
ഇനി നിനക്ക് വിട....
നിന്‍റെ കരുത്തുറ്റ കരങ്ങളില്‍ ഇനി ഞാന്‍ ഞെരിഞ്ഞമരില്ല ...
നിനക്ക് ഒരു പക്ഷെ ,എന്‍റെ ജീവന്‍ കിട്ടിയേക്കാം
പക്ഷെ എന്‍റെ ആത്മാവ്....
അതു നിനക്കെന്നും അപ്രാപ്യമായിരിക്കും...തീര്‍ച്ച ...!!!

അറിവ്

അമ്ല മഴ പോലെ നിന്‍റെ വാക്കുകള്‍ എന്നിലേക്ക്‌ പെയ്തിറങ്ങിയപ്പോള്‍
ഞാന്‍ ഉരുകുകയായിരുന്നു
അവസാനം ബാക്കിയായ എന്‍റെ ചിന്തകളുടെ ശവങ്ങളെ ചൂണ്ടി
നീ എന്നെ ആക്ഷേപിച്ചപ്പോഴും ഞാന്‍ കരഞ്ഞില്ല...
കാരണം എനിക്ക് തിരിച്ചറിവ് തന്നത് ,
അല്ലാ, ഇടര്‍ച്ചയുടെ താളം എനിക്ക് പറഞ്ഞു തന്നത്
നീ ആയിരുന്നുവല്ലോ..
മുനിഞ്ഞു കത്തുന്ന നിന്‍റെ ആ കുഞ്ഞു ചിരാതിന്
അന്ധതയുടെ വാല്‍മീകങ്ങള്‍ തകര്‍ത്തു പ്രകാശ ലോകം കാട്ടിത്തരാന്‍ കെല്‍പ്പുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു...
വീശിയടിക്കുന്ന ഉപ്പു കാറ്റിനു പോലും നിന്‍റെ ചിന്തകളില്‍
നനവ് പൊടിയിക്കാന്‍ കഴിയില്ല .....എനിക്ക് തീര്‍ച്ചയുണ്ട് ...

മനുഷ്യന്‍

തലയ്ക്കുള്ളില്‍ നിന്നും ഉയരുന്ന ചുട്ടു പഴുത്ത ചിന്തകളുടെ
മുരള്‍ച്ചയാണ് നിന്നെ ഉണര്‍ത്തിയതെങ്കില്‍ അതു കേട്ടാണ്‌ നീയെന്നോട്‌
"ഏതു ഫാക്ടറിയിലെ സൈറനാണെന്നു " ചോദിച്ചതെങ്കില്‍
മങ്ങിപ്പോയ കാഴ്ചയില്‍ നീ ആത്മാക്കളെ കാണുന്നുവെങ്കില്‍
അവരുടെ ഭാഷ നിനക്കു പ്രാപ്യമെന്നു തോന്നുന്നുവെങ്കില്‍
തെരുവില്‍ പറിച്ചു ചീന്തപ്പെട്ട സ്ത്രീ നിനക്കമ്മയായി തോന്നുവെങ്കില്‍
തീര്‍ച്ച തന്നെ .....നീ ഒരു മനുഷ്യനായിരിക്കുന്നു....!!!

Thursday, July 17, 2008

വെല്ല മിഠായി

"...മിനിക്കുട്ടിക്ക് വെല്ല മിഠായി വാങ്ങിത്തരാന്നു പറഞ്ഞതല്ലേ......
ഈ എട്ടനെന്തിനാ മിനിക്കുട്ടിയെ ഇങ്ങനെ നോക്കുന്നെ...?
മിനിക്കുട്ടിക്ക് വെല്ല മിഠായി വല്യ ഇഷ്ടാ..........
ഏട്ടനെന്തിനാ മിനിക്കുട്ടിയെ അണച്ച് പിടിക്കുന്നെ......?
മിനിക്കുട്ടിക്ക് ശ്വാസം മുട്ടനുണ്ട് ...
മിനിക്കുട്ടിക്ക് വെല്ല മിഠായി വേണ്ട ..മിനിക്കുട്ടിയെ വിട്...
മിനിക്കുട്ടിയെ പിച്ചണ്ട....മിനിക്കുട്ടിക്ക് പേടിയാവണ് ..മിനിക്കുട്ടി പാവ്വാ....
ശ്വാസം മുട്ടനുണ്ട്..മിനിക്കുട്ടിയെ വിട്.......ശ്വാസം കിട്ടണില്ല...മിനിക്കുട്ടീനെ വിട്...
അമ്മേ....... അമ്മ്...അ….."