Followers

Friday, November 4, 2011

ഉന്മാദ വരികള്‍

എനിക്ക് ദാഹിക്കുന്നത് ജീവനിലാണെന്ന് പറഞ്ഞപ്പോള്‍ എന്താണ് വാക്കുകള്‍ വറ്റിയത്.ആത്മാവിന്റെ ദാഹം ശമിപ്പിക്കാന്‍ നിന്റെ അധരങ്ങള്‍ അശക്തമാണെന്ന്  തിരിച്ചറിഞ്ഞുവല്ലേ.?
നശ്വരമായ ജീവിതത്തിന്റെ നിസ്സാരത..ചുവന്ന ചുണ്ടുകള്‍ക്ക് മേലെ ആവരണമായി തന്ന തൊലിയൊന്നിളകിയാല്‍ ...ആലോചിച്ചിട്ടുണ്ടോ.?
അനന്തതയുടെ വിഹായസ്സില്‍ ചിറകുകളില്ലാതെ പറക്കാന്‍ ഇപ്പോഴും മോഹിക്കാറുണ്ടോ നീ..
എന്ത് കൊണ്ടാണ് നീയും ഞാനും രണ്ടായി തന്നെ ഇരിക്കുന്നത് ?
തെരുവിലെ ഭ്രാന്തിയില്‍ ഞാനെന്താണ് എന്റെ അമ്മയെ കാണുന്നത്..നീ കാണാത്തത്.
നമ്മുടെ കാഴ്ചകളിലെ നിറവ്യത്യാസങ്ങള്‍ ആരാണ് അളന്നെടുക്കുന്നത്‌...?
കറുപ്പും വെളുപ്പും ചേര്‍ന്ന ചിത്രങ്ങളാല്‍ എന്റെ രാത്രികളെ  എന്താണ് വിഭ്രമാത്മകമാക്കുന്നത്
ആത്മാക്കളുടെ അരൂപമായ സഞ്ചാരങ്ങള്‍ ...അടക്കം പറച്ചിലുകള്‍...പ്രണയത്തിന്റെ കളിയോടങ്ങളില്‍ തുഴഞ്ഞെത്തുന്ന ഖൈസുമാര്‍...ഞാനെവിടെയാണ്..?!!!
ഉദാത്തമായ ചിന്തകളുടെ സ്വര്‍ഗ്ഗീയാരാമത്തില്‍ നിന്നും പറിച്ചെറിയപ്പെട്ട മാലാഖയാണ് ഞാന്‍ ..
ഇരുള്‍ത്തിരകള്‍ വന്നു പതിക്കുന്ന ചിന്തകളെ ഒളിച്ചു വെച്ച് ഇനിയും എത്ര നാള്‍...?
നിസ്സഹായതയുടെ കണ്ണുനീരില്‍ കുതിര്‍ന്ന തലയണയുണ്ട്.ഒരിക്കല്‍ നിന്നെ മാത്രമോര്‍ത്ത് രാവിന്റെ രണ്ടാം യാമത്തില്‍ ഞെട്ടിയെഴുന്നേറ്റ് കരഞ്ഞു തളര്‍ന്നിരുന്നത്..നരകവും സ്വര്‍ഗ്ഗവും നിദ്രയ്ക്കു പകരം കൂട്ടായി വന്നെന്നെ പുണര്‍ന്നത്...പ്രണയവും ഭ്രാന്തും കാമവും ഭക്തിയും ചേര്‍ന്നുരുക്കിക്കളഞ്ഞ എന്നെ തേടിയത് എവിടെയായിരുന്നു..?
എന്റെ കണ്ണുകള്‍ക്ക്‌ മൂര്‍ച്ചയുണ്ടെന്നു  എന്നെ തെറ്റിദ്ധരിപ്പിച്ചത് എന്തിനായിരുന്നു..?!നിന്റെ വിശുദ്ധമായ വിരലുകളില്‍ ഒന്ന് സ്പര്‍ശിക്കാന്‍ പോലും ഞാനശക്തനായിരുന്നു.മറ്റുള്ളവര്‍ക്കജ്ഞാതമായ ഭ്രാന്തിന്റെ ഭാഷ നിനക്കെങ്ങനെയാണ് പ്രാപ്യമായത്‌..?!ദുരൂഹമായ ഭീതിയോടെ കണ്ടിരുന്നവര്‍ക്കിടയില്‍ നിന്നും എന്തിനാണിറങ്ങി വന്നെന്റെ കൈ പിടിച്ചത് എന്തിനാണ്  എന്നെ പ്രണയിച്ചത്...?
ഉന്മാദത്തിന്റെ തീച്ചൂട് തട്ടി കണ്ണുകള്‍ കലങ്ങിച്ചുവന്ന ഉച്ചകളില്‍ നീ വിതുമ്പാന്‍ മറന്നത് എന്നെ ഭയന്നായിരുന്നോ..ശരിക്കും എന്നെ പ്രണയിക്കുകയായിരുന്നോ അതോ അജ്ഞാതമായ ഒന്നിനെ അടുത്തറിയുക മാത്രമായിരുന്നോ

ദൈവമേ.....നീയെവിടെയാണ്.. ?
നിന്റെ അദൃശ്യമായ കരങ്ങളില്‍ നിന്നും ഞാനെന്താണ് കാംക്ഷിക്കുന്നതെന്ന് അറിയുന്നവനാണല്ലോ
സ്വപ്നങ്ങളുടെ ചതുപ്പ് നിലങ്ങളില്‍ ഒന്ന് നിലവിളിക്കാന്‍ പോലുമാകാതെ  അകപ്പെട്ടു പോകുമ്പോള്‍ അവള്‍  ചോദിക്കുന്നു എന്നെ നീ പ്രണയിക്കുമോ...ഞാനെന്താണ് അവളോട്‌ മറുപടി പറയേണ്ടത്.
മജ്ജയില്‍ അള്ളിപ്പിടിച്ച ഭ്രാന്തിന്റെ അര്‍ബുദ കോശങ്ങളാല്‍ പുളയുകയാണ് ഞാനെന്നോ..?
പ്രണയവും  ജീവന്‍ തന്നെയും എനിക്കവകാശപ്പെടാനാവാത്ത വിധം അന്യവത്കരിക്കപ്പെട്ടുവെന്നൊ..?
അനു പറഞ്ഞത് പോലെ ഒരുപാട് വ്യക്തിത്വങ്ങളുള്ള ഒരു കപടനാണെന്നൊ..പൊട്ടിത്തെറിച്ച് ലാവയായുരുകുമ്പോഴും പുറമേ മൂടിപ്പുതച്ചുറങ്ങുന്ന ഒരഗ്നി പര്‍വ്വതമാണ് ഞാന്‍.ചൂട് തട്ടി അകന്നു പോയവരെക്കാള്‍  ഭയക്കുന്നത് അടുക്കുന്നവരെയാണ്....അഗ്നി കെട്ടു പോയാല്‍ ഞാനില്ല..ഇന്ന് ഞാനുറങ്ങുന്നതും ഉണരുന്നതും യാന്ത്രികമായാണ്.തികച്ചും ചാവി കൊടുക്കപ്പെട്ട ഒരു പാവ മാത്രമാണ് ഞാന്‍...അപകര്‍ഷതയുടെ, ഭീരുത്വത്തിന്‍റെ കരിമ്പടങ്ങളാല്‍ മൂടിപ്പുതച്ച് ഞാനിവിടെ ഇരിക്കാം....

3 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഡയറിത്താളുകളിലെ പഴയ വരികള്‍...

അനില്‍@ബ്ലോഗ് // anil said...

ബ്ലോഗ് പുതിയതാണോ?

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..........