Followers

Monday, February 28, 2011

ഗിരീഷ്‌ പുത്തഞ്ചേരി...

എന്റെ സ്വപ്നങ്ങളിലടക്കം കൈപിടിച്ച് നടക്കുന്ന അവളുടെ ചെവിയില്‍ ഞാന്‍ എന്നും മൂളിയിരുന്നത്
"...നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളെ ..." എന്ന് തുടങ്ങുന്ന ഗാനമായിരുന്നു.
ചെവി ചേര്‍ത്ത് വെച്ച് കേള്‍ക്കാന്‍ കൊതിച്ചതും, ഇപ്പോഴും കൊതിക്കുന്നതും ആ ഗാനമാണ്.
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്നുവെന്ന് പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കുന്ന ,കാര്‍മുകില്‍ വര്‍ണ്ണനോടുള്ള പ്രണയത്തിന്റെ തീവ്രത വരികളില്‍ ലയിപ്പിച്ച
എന്റെ പ്രിയപ്പെട്ട കവേ....ഗാനങ്ങളിലൂടെ എന്റെ ആത്മാവിലേക്ക് കടന്നു വന്നത് തീപിടിച്ച അക്ഷരങ്ങളാണ്....എന്റെ ചിന്തയില്‍ മഴ നൂലുകളൂര്‍ന്നിറങ്ങിയ രാവുകളില്‍
നിന്റെ അക്ഷരങ്ങള്‍ തപ്ത നിശ്വാസമായി എന്റെ കവിളില്‍ പതിച്ചിരുന്നു.

മരണങ്ങളുടെ അനിവാര്യത തീര്‍ച്ചയുള്ളതിനാലാകാം നേരിട്ടറിയാത്ത ഒരു മരണവും എന്നില്‍ ഞെട്ടലുളവാക്കാറില്ല.എന്നിട്ടും എന്തിനാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ നോക്കി
കണ്ണു നിറച്ചിരുന്നത്..? അകത്തെവിടെയോ ഒരു കുറുകല്‍ അനുഭവപ്പെട്ടത്
എന്തിന്റെതായിരുന്നു ?
പ്രിയപ്പെട്ട എഴുത്തുകാരാ...
താങ്കളെ ഞാന്‍ സ്നേഹിച്ചിരുന്നു.. എന്റെ മനസ്സിനോട് ചേര്‍ത്ത് വെച്ചിരുന്നു .
 എനിക്ക് നഷ്ടപ്പെട്ടത് എന്റെ ആത്മാവിന്റെ സ്വരാക്ഷരങ്ങളെയാണ്.

ഓരോ മരണവും ഓരോ ആഘോഷങ്ങളാക്കുന്ന വാര്‍ത്താ യുഗത്തില്‍ , എന്റെ വിങ്ങലൊന്നു തീര്‍ക്കാനായി കേള്‍ക്കാന്‍ കൊതിക്കുന്ന ഓരോ ഗാനവും ഇനിയെന്നെ കൂടുതല്‍ അസ്വസ്ഥനാക്കുമോ..?

ഭരത പിഷാരടിയെന്ന കഥാ പാത്രത്തെ ഉള്ളിന്റെ ഉള്ളില്‍ നോവ്‌ പുരട്ടി ഞാനിന്നും ഒളിച്ചു വെക്കുന്നു.
ഉള്ളു നിറയെ പ്രണയത്തിന്റെ അഗ്നിയുമായി നടക്കുന്ന ആ കഥാപാത്രത്തെ എന്തിനിത്ര കൂടുതല്‍ ഇഷ്ടപ്പെടുന്നുവെന്നു എനിക്കറിയില്ല.ഒരു പക്ഷെ, എന്റെ വ്യക്തിത്വവുമായുള്ള ചില സാമ്യതകളാകാം കാരണം .
ഒരു കുറിപ്പെങ്കിലുമെഴുതി കടമ തീര്‍ക്കുകയല്ല. ഞാനനുഭവിക്കുന്ന ശൂന്യത ഒരു നിമിഷമൊന്നു മാറ്റി നിറുത്താനായി മാത്രം ....

10 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഒരു വര്‍ഷം മുമ്പെഴുതിയ കുറിപ്പ്

Yasmin NK said...

വീണ്ടും പോസ്റ്റിയത് നന്നായി. നിന്റെ കവിത കാണുമ്പോ എനിക്ക് പേടിയാ..ഞാന്‍ വിചാരിക്കുന്ന അര്‍ത്ഥമാവില്ല നിന്റെ മനസ്സില്‍.ഇത് കുഴപ്പമില്ല, വായിച്ചാ മനസ്സിലാവൂലോ..
എന്തിനിങ്ങനെ അഗ്നിയില്‍ വേവുന്നു..?എല്ലാം ശരിയാവട്ടെ എന്ന് ആശംസിക്കുന്നു.

ശ്രീ said...

ഏറെ ഇഷ്ടപ്പെട്ട ഒരു കലാകാരനായിരുന്നു ഗിരീഷ് പുത്തഞ്ചേരി.

റീനി said...

കനല്‍ എരിയുകയല്ലേ!

Pranavam Ravikumar said...

നഷ്ടം ഇന്നും നികത്താനാകാത്ത ഒരു സത്യം.

Sukanya said...

അതുല്യം, അപാരം, അനിര്‍വചനീയം ആ വ്യക്തിത്വം. നല്ല ഓര്‍മകുറിപ്പ്

jayanEvoor said...

വീണുടഞ്ഞ സൂര്യകിരീടം നോക്കി ഒരു നെടുവീർപ്പ്....!

നന്ദി, ഹൻല്ലലത്ത്.

ശ്രീനാഥന്‍ said...

നല്ലൊരു ഓർമക്കുറിപ്പ്!

ശിഖണ്ഡി said...

നഷ്ട്ട സ്വര്‍ഗങ്ങളെ നിങ്ങളെനിക്കൊരു
ദുഖസിംഹാസനം നല്‍കി....

MOIDEEN ANGADIMUGAR said...

ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലി.
നന്ദി ഹൻല്ലലത്ത്.