Followers

Saturday, April 11, 2009

പ്രണയക്കുറിപ്പ്.

........ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാ‍ലും
നിന്റെ ഓരോ നിശ്വാസങ്ങളും എനിക്ക് തൊട്ടറിയാം...
നിന്റെ ഓരോ ഇമയനക്കവും എനിക്കു കാണാം...
നിന്നെ അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ നിന്നെക്കാള്‍ ഞാനറിയും
കാരണം നീ എന്നാല്‍ എനിക്കു മറ്റൊരാളല്ല...ഞാന്‍ തന്നെയാണ്
എന്റെ ഓരോ അണുവിലും തുടിക്കുന്നത് നിന്നോടുള്ള പ്രണയമാണ്...
ഒരക്ഷരവും നിന്നെയൊര്‍ക്കാതെ ഞാന്‍ കുറിച്ചിട്ടില്ല..
ഒരു ദിവസവും നിന്നെക്കുറിച്ച് ഞാന്‍ ആലോചിക്കാതിരുന്നിട്ടില്ല
ഒരു പ്രാര്‍ഥനയിലും നീ ഇല്ലാതിരുന്നിട്ടില്ല..
ഒരാളെയും നിന്നെക്കാള്‍ എനിക്കിനി സ്നേഹിക്കാനാവില്ല
എന്റെ കബറിടത്തിലേക്ക് അവസാനത്തെ അതിഥി നീയായിരിക്കണമേയെന്ന് പ്രാര്‍ഥിച്ചിരുന്നു ഞാന്‍...
ജീവിതത്തിലെ നേടലുകളുടെ നിരര്‍ഥകത എന്നെ ബോധ്യപ്പെടുത്തിയ
നീ തന്നെയായിരുന്നല്ലൊ മറ്റുള്ളവര്‍ക്കായി ജീവിക്കാന്‍ പഠിപ്പിച്ചതും...!
മരണം ജിവിതത്തിന്റെ അര്‍ഥമില്ലായ്മയെ തുറന്നു കാട്ടില്ലെന്നറിയുന്നതിനാല്‍
അതു ഞാന്‍ സ്വയംവരിക്കില്ല...

നിന്റെ കുഞ്ഞ് സുഖമായിരിക്കുന്നൊ..?
എല്ലാം നീ ഓര്‍ക്കുന്നുണ്ടാകുമോ എന്നെനിക്കറിയില്ല...
എന്റെ മുഖം വാടിയാല്‍ നിന്റെ കണ്ണുകള്‍ നനഞ്ഞിരുന്നത്..
കൂട്ടുകാര്‍ക്കിടയില്‍ നീ എന്നെ സ്വന്തമെന്നു കാണിക്കാന്‍ ഉത്സാഹിച്ചിരുന്നത്..
എന്നെ നിന്റെ കൂട്ടുകാരന്‍ എന്നാണല്ലോ പലരും സംബോധന ചെയ്തിരുന്നതും..!
ഒരിക്കല്‍ ....അലീനയെ നിനക്കോര്‍മ്മയില്ലെ ..?
അവള്‍ ഒരുപാട് കൂട്ടുകാരുടെ മുമ്പില്‍ വെച്ച് നിന്റെ കൂട്ടുകാരന്‍ എന്നു സംബോധന ചെയ്തപ്പോള്‍ അവളുടെ മാത്രമല്ല വേറെയും കൂട്ടുകാരുണ്ടെനിക്കെന്ന് പറഞ്ഞപ്പോള്‍ നിന്റെ മുഖം ചുവന്നതും ചുണ്ടുകള്‍ വിതുമ്പാന്‍ വെമ്പിയതും എന്തിനായിരുന്നു..?
എന്നെ ചൊല്ലി നിനക്കെന്നും കണ്ണുനീര് മാത്രമായിരുന്നല്ലോ..
അന്ന് ടാഗോര്‍ ഹാളിലെ വായനാ ദിനാചരണ പരിപാടിക്കിടയില്‍ നീ കരഞ്ഞത്..
ഓര്‍ക്കുന്നുണ്ടാകുമോ എന്നെനിക്കറിയില്ല...
ഒരിക്കലും ഓര്‍ക്കാതിരിക്കണേ എന്നാണ് എന്റെ പ്രാര്‍ഥന ...
നിന്റെ ജീവിതത്തില്‍ നൊമ്പരങ്ങള്‍ ഉണ്ടായാ‍ലല്ലേ എന്നെ നീ ഓര്‍ക്കൂ...
എന്നെ നീ ഓര്‍ക്കേണ്ടതില്ല..

പ്രിയപ്പെട്ട കൂട്ടുകാരീ..നീ സുഖമായി കഴിഞ്ഞാല്‍ മതി...
എനിക്ക്.......എനിക്ക് നിന്നെ സ്വന്തമാക്കാന്‍ പറ്റിയില്ലല്ലൊ എന്ന ദുഖമില്ല .....
കാരണം നീ സന്തോഷമായി കഴിയുന്നു എന്ന വാര്‍ത്ത തന്നെ എന്റെ മനസ്സു നിറയ്ക്കുന്നതാണ് ...
അന്ന് ഉന്മാദിയെപ്പൊലെ നീയെന്നെ ഭ്രാന്തമായി പ്രണയിച്ചതു കണ്ട് ഞന്‍ ഭയന്നിരുന്നു..
എങ്കിലും അവസാനം വിടപറയാതെ വിട്ടകലുമ്പോള്‍ നീ സുഖമായിരിക്കണം എന്നേ ഞാന്‍ പ്രാര്‍ഥിച്ചിരുന്നുള്ളു...
വിരഹ വേദനയുടെ മുള്ളുകള്‍ എന്റെ ഹൃദയത്തില്‍ വ്രണങ്ങള്‍ സൃഷ്ടിച്ചപ്പോഴും ഞാന്‍ പിടിച്ചു നിന്നത് എനിക്കു നിന്നോടുള്ള പ്രണയം സത്യമായിരുന്നു എന്നതു കൊണ്ട് മാത്രമാണ്...
കാമ്പസിലെ എന്റെ നാട്ടുകാരായ സഹപാഠികളോട് എന്നെക്കുറിച്ച് തിരക്കിയെന്നും
ഒരു വര്‍ഷം എന്നെ കാത്തിരുന്നു എന്നും പറഞ്ഞപ്പോള്‍ ......
എന്റെ നെഞ്ചാണ് പ്രിയപ്പെട്ടവളേ നീ അറിയാതെ കരിഞ്ഞത് ......
അമ്ലസ്പര്‍ശം പോലെ നിന്റെ ഓരൊ വാക്കും എന്നെ പൊള്ളലേല്‍പ്പിച്ചിരുന്നു ....
ഇപ്പൊഴും ചില രാത്രികളില്‍ നിന്റെ മുഖം എന്റെ ഉറക്കത്തെ തടയുമ്പോഴും
ഞാന്‍ പ്രാര്‍ഥിക്കുന്നത് നീ എന്നെ ഓര്‍ക്കാതിരിക്കണേ എന്നു മാത്രമാണ്..

...നീ ദുഖിക്കരുത്......
...നീ നൊമ്പരപ്പെട്ടാല്‍ എന്റെ ഹൃദയമാണ് മുറിപ്പെടുന്നത്. ....

16 comments:

ഹന്‍ല്ലലത്ത് Hanllalath said...

......നീ എന്നാല്‍ എനിക്കു മറ്റൊരാളല്ല...ഞാന്‍ തന്നെയാണ്
എന്റെ ഓരോ അണുവിലും തുടിക്കുന്നത് നിന്നോടുള്ള പ്രണയമാണ്...
ഒരക്ഷരവും നിന്നെയൊര്‍ക്കാതെ ഞാന്‍ കുറിച്ചിട്ടില്ല..
ഒരു ദിവസവും നിന്നെക്കുറിച്ച് ഞാന്‍ ആലോചിക്കാതിരുന്നിട്ടില്ല
ഒരു പ്രാര്‍ഥനയിലും നീ ഇല്ലാതിരുന്നിട്ടില്ല..
ഒരാളെയും നിന്നെക്കാള്‍ എനിക്കിനി സ്നേഹിക്കാനാവില്ല....

ഫസല്‍ ബിനാലി.. said...

"എനിക്ക് നിന്നെ സ്വന്തമാക്കാന്‍ പറ്റിയില്ലല്ലൊ എന്ന ദുഖമില്ല ....."

ഹന്‍ല്ലലത്ത്.., നിന്‍റെ പ്രണയം പ്രണയമല്ലായിരുന്നെന്ന് ഞങ്ങളെ തെറ്റിദ്ധരിപ്പികല്ലെ.
ആശംസകള്‍.

ഹന്‍ല്ലലത്ത് Hanllalath said...

പ്രണയമെന്നാല്‍ നേടലുകളും നഷ്ടപ്പെടലുകളും അല്ലല്ലോ...!
പ്രണയമെന്നാല്‍ പ്രണയിക്കല്‍ മാത്രമാണ് ..
പ്രണയിച്ചു പ്രണയിച്ച്‌ അതില്‍ അലിയുക...
ലൈലയെ പ്രണയിച്ച്‌ അവളുടെ കുഴിമാടത്തിലെ മണ്ണിനെ ചുംബിച്ച് നടന്ന ....
പ്രണയത്താല്‍ ഭ്രാന്തനായിപ്പോയ ഖൈസിനെപ്പോലെ... പ്രണയിക്കുക...
ഉടലുകളെയല്ലാതെ ആത്മാവിനെ പ്രണയിക്കുക...
അവസാന നിശ്വാസവും അടങ്ങും വരെ.....
മറ്റൊരു വികാരത്തിന്റെ നേര്‍ത്ത സ്പര്‍ശം പോലും
കടന്നു വരാതെ ...വിശുദ്ധമായി അനുരാഗത്തില്‍ അലിയുക...

P_Kumar said...

അപ്പോള്‍ ഇക്കാലത്തും ഇങ്ങിനെയുള്ള പ്രണയങ്ങള്‍ ഉണ്ട് അല്ലെ!
സ്നേഹിക്കാനറിയാവുന്ന ഒരു ഹൃദയമുള്ളത് വളരെ ഭാഗ്യമാണ്...
ഒരു 20,30 വര്‍ഷം കഴിഞ്ഞും ഇതേ തീവ്രതയോടെ എഴുതാനാകട്ടെ!

സമാന്തരന്‍ said...

പ്രണയിക്കുക... പ്രണയിക്കപ്പെടുക...
ആ ഹൃദയാനുഭൂതി.

സുഹൃത്തേ.. അനുഭവിച്ചത് എഴുതാനാവില്ല..

ഓർമ്മപ്പെടുത്തലുകൾക്ക് നന്ദി..

ചാണക്യന്‍ said...

പ്രണയിക്കുന്നതിനേക്കാള്‍ ഊഷ്മളത പ്രണയിക്കപ്പെടുന്നതിനാണ്......

അരുണ്‍ കരിമുട്ടം said...

ഓടേ, വെറുതെ വിഷമിപ്പിക്കാതെ..

അനില്‍@ബ്ലോഗ് // anil said...

ഹന്‍ല്ലലത്തെ,
മനോഹരമായ ഒരു പ്രണയ കുറിപ്പ്.
ആശംസകള്‍ .

കണ്ണനുണ്ണി said...

ആഴത്തില്‍ വേരോടിയ പ്രണയം അടര്‍ത്തി മാറ്റുവാന്‍ പ്രയാസം തന്നെ ആണ് അല്ലെ..

ഇപ്പൊ ഇങ്ങനെ ഒക്കെ ആരെങ്കിലും പ്രനയിക്കാരുണ്ടോ ...ആവോ

Sukanya said...

"ഇപ്പൊഴും ചില രാത്രികളില്‍ നിന്റെ മുഖം എന്റെ ഉറക്കത്തെ തടയുമ്പോഴുംഞാന്‍ പ്രാര്‍ഥിക്കുന്നത് നീ എന്നെ ഓര്‍ക്കാതിരിക്കണേ എന്നു മാത്രമാണ്.."

യഥാര്‍ത്ഥ പ്രണയം.

Anil cheleri kumaran said...

ഹൻല്ലലത്തിനും, സമാന്തരനും ഓരോ ചുവന്ന റോസാപ്പൂവുകൾ!!

Jayasree Lakshmy Kumar said...

പ്രണയമെന്നാല്‍ നേടലുകളും നഷ്ടപ്പെടലുകളും അല്ലല്ലോ...!
പ്രണയമെന്നാല്‍ പ്രണയിക്കല്‍ മാത്രമാണ് ..
പ്രണയിച്ചു പ്രണയിച്ച്‌ അതില്‍ അലിയുക...
ലൈലയെ പ്രണയിച്ച്‌ അവളുടെ കുഴിമാടത്തിലെ മണ്ണിനെ ചുംബിച്ച് നടന്ന ....
പ്രണയത്താല്‍ ഭ്രാന്തനായിപ്പോയ ഖൈസിനെപ്പോലെ... പ്രണയിക്കുക...
ഉടലുകളെയല്ലാതെ ആത്മാവിനെ പ്രണയിക്കുക...
അവസാന നിശ്വാസവും അടങ്ങും വരെ.....
മറ്റൊരു വികാരത്തിന്റെ നേര്‍ത്ത സ്പര്‍ശം പോലും
കടന്നു വരാതെ ...വിശുദ്ധമായി അനുരാഗത്തില്‍ അലിയുക...

സല്യൂട്ട്
സ്നേഹമെന്നത് ത്യാഗമാണെങ്കിൽ മേൽ വരികളിൽ അത് നീയാണ് ഹൻലലത്ത് [നീയെന്ന അഭിസംബോധനയിലെടുത്ത അധികാരം അലോസരമാകില്ല എന്ന് കരുതുന്നു]

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

ഹന്, അഭിനന്ദനങ്ങള്‍ ..! നല്ല പോസ്റ്റ്‌
------

പ്രണയം ഒരു ചുഴി പോലെയാണ് ..
പറഞ്ഞറിയിക്കാന്‍ കഴിയാതെ
തന്നെ തന്നെ നഷ്ടമാകുന്ന ഒരു പ്രത്യേക അനുഭൂതി ..

jayanEvoor said...

ഹന്‍ല്ലലത്ത്,

പ്രണയത്തിന്റെ തീവ്രത വരികളില്‍ തുടിച്ചു നില്‍പ്പുണ്ട്....
നഷ്ടപ്പെട്ടു പോയവനേ അതിന്റെ തീവ്രത അറിയൂ...
ഒരിറ്റു കണ്ണീര്‍ എന്നും ബാക്കി യാണ് ഓരോ പ്രണയിക്കും !

Anonymous said...

:(